10
Nov 2026
Tue
10 Nov 2026 Tue
Never Quit Karen Dionne Inspires Young Writers at Sharjah Book Fair

എഴുത്തിനോടുള്ള താൽപര്യം പിന്തുടരണമെന്നും പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഭയപ്പെടരുതെന്നും അമേരിക്കൻ നോവലിസ്റ്റ് കാരൻ ഡിയോൺ വിദ്യാർഥിനികളോട് ആഹ്വാനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ 45-ാം പതിപ്പിൽ ‘ദി ബുക്ക് ദാറ്റ് ചേഞ്ച്ഡ് എവരിതിങ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. 2023-ൽ ഹോളിവുഡ് സിനിമയായി പുറത്തിറങ്ങിയ തന്റെ നാലാമത്തെ നോവലായ ‘ദി മാർഷ് കിങ്സ് ഡോട്ടർ’ നേടിയ വിജയവും എഴുത്തുജീവിതത്തിലെ അനുഭവങ്ങളും അവർ പങ്കുവച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകനെ എഴുത്തുമത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ് തന്റെയുള്ളിലെ എഴുത്തിനോടുള്ള താൽപര്യം വീണ്ടും തിരിച്ചറിഞ്ഞതെന്ന് കാരൻ ഡിയോൺ പറഞ്ഞു. ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ഇതേ പേരിലുള്ള നാടോടിക്കഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മനഃശാസ്ത്ര ത്രില്ലറായ ‘ദി മാർഷ് കിങ്സ് ഡോട്ടർ’ രചിച്ചത്. അസാധാരണ സാഹചര്യങ്ങളിൽ വളരുന്ന ഒരു കുട്ടി സ്വന്തം കുടുംബത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള സത്യങ്ങൾ തിരിച്ചറിയുന്നതാണ് നോവലിന്റെ പ്രമേയം. 12 പ്രസാധകർ പങ്കെടുത്ത ലേലത്തിലൂടെ പുസ്തകം പ്രസിദ്ധീകരണാവകാശം നേടിയതും 28 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതും വലിയ നേട്ടമായിരുന്നുവെന്നും അവർ പറഞ്ഞു.

നീൽ ബർഗർ സംവിധാനം ചെയ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ ഡെയ്‌സി റിഡ്‌ലിയാണ് നായികയായെത്തിയത്. കഥയുടെ പശ്ചാത്തലം അമേരിക്കയിലെ മിഷിഗൺ പ്രദേശമായിരുന്നെങ്കിലും ചിത്രീകരണം കാനഡയിലെ വനമേഖലയിലായിരുന്നു. കോവിഡ് നിയന്ത്രണങ്ങളും അഭിനേതാക്കളുടെ സമരവും കാരണം ചിത്രീകരണസ്ഥലത്ത് പോകാനോ സിനിമാതാരങ്ങളെ നേരിൽ കാണാനോ സാധിച്ചില്ലെന്ന് ഡിയോൺ പറഞ്ഞു. പൂർത്തിയായ സിനിമ കാണുന്നത് വൈകാരികമായ അനുഭവമായിരുന്നുവെന്നും ഒരാഴ്ചയ്ക്കിടെ ഒമ്പത് തവണ സിനിമ കണ്ടെന്നും അവർ വെളിപ്പെടുത്തി. മികച്ച നോവലിന് ആകർഷകമായ കഥാപാത്രങ്ങളാണ് പ്രധാനമെന്നും പുതിയ സാഹിത്യവിഭാഗങ്ങൾ പരീക്ഷിക്കാൻ എഴുത്തുകാർ മടിക്കരുതെന്നും അവർ വിദ്യാർഥിനികളെ ഉപദേശിച്ചു.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിലാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ ഒമാനാണ് അതിഥി രാജ്യം. 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരും പങ്കെടുക്കുന്ന മേളയിൽ 17 ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25 രാജ്യങ്ങളിൽ നിന്നുള്ള 106 അതിഥികൾ പങ്കെടുക്കുന്ന 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക