ഷാർജ ഉപഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയുടെയും കലിമാത്ത് ഗ്രൂപ്പ് സ്ഥാപകയും സിഇഒയുമായ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെയും സാന്നിധ്യത്തിൽ കുട്ടികൾക്കായുള്ള മൂന്ന് ചിത്രപുസ്തകങ്ങൾ പുറത്തിറക്കി. ദിബ്ബ അൽ ഹിസൻ നഗരസഭയുമായി സഹകരിച്ച് കലിമാത്ത് ഗ്രൂപ്പാണ് അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിലായിരുന്നു പ്രകാശനം. നഗരസഭയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം, പൊതുസൗകര്യങ്ങളുടെ പരിപാലനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് പുസ്തകങ്ങളുടെ ലക്ഷ്യം.
|
ദിബ്ബ അൽ ഹിസന്റെ പശ്ചാത്തലത്തിൽ റാഷിദ്, മറിയം എന്നീ കുട്ടികളും അവരുടെ മുത്തച്ഛൻ സഈദും ഉൾപ്പെടുന്ന കഥകളാണ് പുസ്തകങ്ങളിലുള്ളത്. മരിയം അൽ ജമാൽ രചിച്ച ‘ഗ്രാൻഡ്പാ സഈദ്സ് ലൈബ്രറി’യിൽ പൂന്തോട്ടത്തിൽ ലൈബ്രറി നിർമിക്കുന്നതിലൂടെ കെട്ടിടനിർമാണത്തിന്റെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും പ്രാധാന്യം പരിചയപ്പെടുത്തുന്നു. നൂറ അൽ ഖൂരിയുടെ ‘ബീച്ച് ഗാർഡിയൻസ്’ കടൽത്തീരങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും ശുചിത്വവും സമുദ്രജീവികളുടെ സംരക്ഷണവും അവതരിപ്പിക്കുന്നു. നാദിയ അൽ നജ്ജാറിന്റെ ‘മറിയംസ് ലിറ്റിൽ പാം’ ഈന്തപ്പനത്തൈകളുടെ നടീലും പരിപാലനവും പ്രാദേശിക കാർഷിക പൈതൃകവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നു.
ആറ് മുതൽ ഒമ്പത് വയസ്സുവരെയുള്ള കുട്ടികൾക്ക് പുസ്തകങ്ങളുടെ രചയിതാക്കളെ നേരിൽ കാണാനും സംവദിക്കാനും ഒപ്പിട്ട പുസ്തകങ്ങൾ സ്വന്തമാക്കാനും കലിമാത്ത് ഗ്രൂപ്പിന്റെ പവലിയനിൽ പ്രത്യേക പരിപാടികളും ഒരുക്കിയിട്ടുണ്ട്. നവംബർ 9ന് മരിയം അൽ ജമാൽ, 10ന് നൂറ അൽ ഖൂരി എന്നിവർ പങ്കെടുത്തു. നവംബർ 12ന് നാദിയ അൽ നജ്ജാറിന്റെ പുസ്തകപ്രകാശന-ഒപ്പിടൽ പരിപാടിയും നടക്കും. ഷാർജ ഡിജിറ്റൽ വകുപ്പ് ഡയറക്ടർ ജനറൽ ശൈഖ് സൗദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സാംസ്കാരിക മന്ത്രി ശൈഖ് സാലിം ബിൻ ഖാലിദ് അൽ ഖാസിമി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





