ഷാർജ: പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവർക്കിടയിൽ പുതിയൊരു വായനാസംസ്കാരം വളർത്തുന്നതിനായി വേറിട്ട ആശയവുമായി ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ ‘യുവർ ഷാർജ’ സ്റ്റാൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയ ‘പാസ് ദ റീഡ്’ എന്ന സംരംഭത്തിലൂടെ സന്ദർശകർക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ മറ്റുള്ളവർക്ക് ശുപാർശ ചെയ്യാം. തങ്ങൾ വായിച്ച പുസ്തകങ്ങളുടെ പേരും അവ മറ്റുള്ളവർ വായിക്കേണ്ടതിന്റെ കാരണവും കുറിച്ചുവെക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
|
മനസ്സിൽ സന്തോഷമോ വികാരമോ നിറച്ച പുസ്തകങ്ങൾ ഏതൊക്കെയാണെന്നും മറ്റുള്ളവർ നിർബന്ധമായും വായിക്കണമെന്ന് ആഗ്രഹിക്കുന്ന കൃതികൾ ഏതൊക്കെയാണെന്നും സന്ദർശകരോട് ചോദിക്കുന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. പിന്നീട് സ്റ്റാളിലെത്തുന്നവർക്ക് മറ്റുള്ളവർ എഴുതിവെച്ച ശുപാർശകൾ വായിച്ച് താൽപര്യമുള്ള പുസ്തകങ്ങൾ കണ്ടെത്താം. ‘എ കോൺഫെഡറസി ഓഫ് ഡൺസസ്’, ‘ദ മാൻ ഹു പ്ലാന്റഡ് ട്രീസ്’, ‘ദ ഷോർ’ തുടങ്ങിയ പുസ്തകങ്ങളാണ് ഇതിനകം ശുപാർശകളിൽ ഇടംപിടിച്ചത്.
ഷെർലക് ഹോംസ് പരമ്പരയാണ് താൻ മറ്റുള്ളവർക്ക് ശുപാർശ ചെയ്യുന്നതെന്ന് പങ്കെടുത്ത 15 വയസ്സുകാരിയായ എമിറാത്തി വിദ്യാർഥിനി ജൂരി സുൽത്താൻ പറഞ്ഞു. നേരിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത വായനക്കാരെ പുസ്തകങ്ങളിലൂടെ ബന്ധിപ്പിക്കുന്ന മനോഹരമായ ആശയമാണിതെന്നും തന്റെ ശുപാർശ ആരെങ്കിലും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. പുതിയ പുസ്തകങ്ങൾ കണ്ടെത്താനും അറിവ് നേടാനും ഷാർജ പുസ്തകമേള മികച്ച വേദിയാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനയ്ക്കൊപ്പം സർഗാത്മക പ്രവർത്തനങ്ങൾക്കും യുവർ ഷാർജ് സ്റ്റാളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. പുസ്തകമേളയിലുടനീളം സൗജന്യമായി പങ്കെടുക്കാവുന്ന വർക്ക്ഷോപ്പുകളും ഒരുക്കിയിട്ടുണ്ട്. ടോട്ട് ബാഗ് നിർമാണം, കൊത്തുപണി, കാലിഗ്രഫി തുടങ്ങിയ പ്രവർത്തനങ്ങളിൽ സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാം. യുവർ ഷാർജയുടെ വിവിധ ഉൽപ്പന്നങ്ങളും സുവനീറുകളും സ്റ്റാളിൽ ലഭ്യമാണ്. മഗ്ഗുകൾ, ഡയറി, പേനകൾ, ബ്രൂച്ചുകൾ, ഫ്രിഡ്ജ് മാഗ്നറ്റുകൾ, ഹൂഡികൾ, സ്വെറ്റ്ഷർട്ടുകൾ തുടങ്ങിയവയിൽ ചിലത് ഇഷ്ടാനുസരണം രൂപകൽപ്പന ചെയ്യാനും അവസരമുണ്ട്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





