18
Feb 2026
Wed
18 Feb 2026 Wed
MOITHEEN KUTTY PFI

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (PFI) ബന്ധപ്പെട്ട കേസില്‍ നാല് വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 മുതല്‍ ഒളിവിലായിരുന്ന ഇയാളെന്ന് എന്‍ഐ പറയുന്നു. പി.എഫ്.ഐ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ആയുധപരിശീലന ക്യാമ്പുകളുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണെന്നാണ് ആരോപണം.

മുന്‍പ് പിഎഫ്ഐക്കെതിരേ രാജ്യവ്യാപകമായ റെയ്ഡ് നടത്തുകയും ഇതിനുപിന്നാലെ പിഎഫ്ഐയെ നിരോധിക്കുകയുംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൊയ്തീന്‍കുട്ടി വിദേശത്തേക്ക് കടന്നത്. ഇതോടെ മൊയ്തീന്‍കുട്ടിയെ എന്‍ഐഎ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് പ്രതി വിദേശത്തുനിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ എന്‍ഐഎ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയെ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ എന്‍.ഐ.എ ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെട്ട് 2022-ല്‍ കേന്ദ്ര സര്‍ക്കാര്‍ പി.എഫ്.ഐയെ നിരോധിച്ചതിനെത്തുടര്‍ന്ന് ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ പലര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചു.

നിലവിലെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.