18
Sep 2026
Fri
18 Sep 2026 Fri

ഒരുകാലത്ത് ‘നിഥാരിയുടെ മോൺസ്റ്റർ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സുരീന്ദർ കോലിയെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2006ലെ ഞെട്ടിക്കുന്ന നിഥാരി കൂട്ടക്കൊലക്കേസിൽ സുപ്രീംകോടതി കഴിഞ്ഞ വർഷം കുറ്റവിമുക്തനാക്കിയ കോലി ഏതാനും മാസങ്ങളായി ഹരിദ്വാറിൽ ചായക്കട നടത്തിവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സപ്തർഷി റോഡിലെ ലാൽമാത ക്ഷേത്രത്തിന് എതിർവശത്തുള്ള ചായക്കടയ്ക്കുള്ളിൽ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സപ്തർഷി പൊലീസ് ഔട്ട്‌പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. നിഥാരി കേസിലെ പ്രതിയായിരുന്ന സുരീന്ദർ കോലിയാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുറച്ച് മാസങ്ങളായി ഹരിദ്വാറിൽ താമസിച്ചിരുന്ന കോലി വാടകയ്ക്കെടുത്ത സ്ഥലത്താണ് ചായക്കട നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ചായക്കടയിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അൽമോറയിലുള്ള കോലിയുടെ കുടുംബത്തെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്.

നിഥാരി കൂട്ടക്കൊല

2006 ഡിസംബറിൽ നോയിഡയിലെ സെക്ടർ 31ലെ ഡി-5 ബംഗ്ലാവിന് സമീപത്തെ ഓടയ്ക്കരികിൽ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിൽ 16 മനുഷ്യരുടെ തലയോട്ടികളും അസ്ഥികളും വസ്ത്രങ്ങളും കണ്ടെത്തിയതോടെയാണ് സംഭവം രാജ്യശ്രദ്ധ നേടിയത്.

നിഥാരി ഗ്രാമത്തിലെ ദരിദ്ര തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട നിരവധി കുട്ടികളെ കാണാതായതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. പായൽ എന്ന യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിന് വഴിത്തിരിവുണ്ടായത്. പായലിന്റെ മൊബൈൽ ഫോൺ ഒരു റിക്ഷാ തൊഴിലാളിയുടെ കൈവശമുണ്ടെന്ന് കണ്ടെത്തി. ഫോൺ ഡി-5 ബംഗ്ലാവിൽനിന്നാണ് ലഭിച്ചതെന്ന വിവരം ലഭിച്ചതോടെ പൊലീസ് വീട്ടിലെത്തി.

വ്യാപാരി മോനീന്ദർ സിങ് പന്ധേറിന്റെ ഉടമസ്ഥതയിലായിരുന്നു വീട്. ഇവിടെ വീട്ടുജോലിക്കാരനായി ജോലി ചെയ്തിരുന്നത് സുരീന്ദർ കോലിയായിരുന്നു. വീട്ടിൽനിന്നും പരിസരത്തുനിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. കുട്ടികളെ വശീകരിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കഷണങ്ങളാക്കുകയും ചെയ്തെന്ന ഗുരുതര ആരോപണങ്ങളും പിന്നീട് ഉയർന്നു.

അന്വേഷണത്തിലെ വീഴ്ചകളും കുറ്റവിമുക്തിയും
ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോലിക്കും പന്ധേറിനുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. 2007 മുതൽ 2010 വരെ സിബിഐ 19 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
നിരവധി കേസുകളിൽ കോലിക്ക് വധശിക്ഷയും പന്ധേറിന് വധശിക്ഷയും ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാൽ അപ്പീൽ നടപടികൾ പുരോഗമിച്ചതോടെ അന്വേഷണത്തിലെ വീഴ്ചകളും നടപടിക്രമങ്ങളിലെ പിഴവുകളും ചൂണ്ടിക്കാണിക്കപ്പെട്ടു.

2023 ഒക്ടോബറിൽ അലഹാബാദ് ഹൈക്കോടതി ഇരുവരെയും കുറ്റവിമുക്തരാക്കി. വിശ്വസനീയമായ തെളിവുകളുടെ അഭാവമാണ് കോടതിയുടെ പ്രധാന പരിഗണനയായത്. ഇതിനെതിരെ സിബിഐയും ഉത്തർപ്രദേശ് സർക്കാരും ഇരകളുടെ കുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചു.
2025ൽ സുപ്രീംകോടതിയും സുരീന്ദർ കോലിയെ എല്ലാ കുറ്റങ്ങളിൽനിന്നും കുറ്റവിമുക്തനാക്കി. കുറ്റകൃത്യങ്ങളുടെ ‘ഹീനമായ സ്വഭാവം’ അംഗീകരിച്ച കോടതി, എത്ര ഗുരുതരമായ സംശയമുണ്ടെങ്കിലും അത് സംശയാതീതമായ തെളിവിന് പകരമാകില്ലെന്ന് വ്യക്തമാക്കി.

ALSO READ:അമ്മയും മകനും തമ്മിൽ ലൈംഗികബന്ധം; ‘ഏകദേശം 100 തവണ’ എന്ന് അമ്മയുടെ മൊഴി, സംഭവം പുറത്തായത് ആക്രമണക്കേസിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക