മുൻ സഹപ്രവർത്തകയെ കാണാൻ പോയ യുവാവിനെ കൊന്ന് ഓടയിൽ തള്ളി. ഡൽഹിയിൽ നിന്ന് ഗുഡ്ഗാവിലെത്തിയ 31കാരൻ യുവരാജ് സിങ് മഞ്ചന്ദ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ
യുവതിയെയും പങ്കാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
|
സെപ്റ്റംബർ ആറിന് സഹോദരിമാർക്കൊപ്പം ലജ്പത് നഗർ മാർക്കറ്റിലെത്തിയ യുവരാജ് തന്റെ വിവാഹത്തിനുള്ള ഷെർവാണി വാങ്ങിയ ശേഷം ഒരു റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടർന്ന് ഗുഡ്ഗാവിൽ മുൻ സഹപ്രവർത്തകയെ കാണാനുണ്ടെന്ന് പറഞ്ഞ് അവിടെനിന്ന് പോയി.
രാത്രി 10 മണിയോടെ വീട്ടിലെത്തുമെന്ന് കുടുംബത്തെ അറിയിച്ചെങ്കിലും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ല.
സെപ്റ്റംബർ 10ന് ഗുഡ്ഗാവ് പൊലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും കുടുംബത്തെ ഉടൻ അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ പട്ടികയിൽ വിവരങ്ങൾ സമയത്ത് ഉൾപ്പെടുത്തിയില്ലെന്നും കുടുംബം ആരോപിച്ചു. തുടർന്ന് സെപ്റ്റംബർ 14ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
യുവരാജിന്റെ അവസാന ഫോൺ വിളി മുൻ സഹപ്രവർത്തകയായ വാത്സുമായിട്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്ന യുവതിയെ സാങ്കേതിക വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് കണ്ടെത്തിയത്. ഉത്തരാഖണ്ഡിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പങ്കാളിയെയും പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ ഇരുവരും യുവരാജിനെ കൊലപ്പെടുത്തി ഗുഡ്ഗാവിലെ വീടിന് സമീപത്തെ ഓടയിൽ മൃതദേഹം ഉപേക്ഷിച്ചതായി സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ഇരുവരെയും അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ALSO READ:76 ഐഫോണുകൾക്കായി 1.43 കോടി രൂപ ചെലവഴിച്ച് ദുബായിലെ രണ്ട് പ്രവാസികൾ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




