24
Jul 2023
Fri
24 Jul 2023 Fri

ജിദ്ദ: ഹജ്ജ് കര്‍മത്തിനെത്തിയ കെപിസിസി സെക്രട്ടറി കെ പി അബ്ദുല്‍ മജീദിന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ആക്ടിങ് പ്രസിഡന്റ് ജലീഷ് കാളികാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയയില്‍ വച്ച് നടന്ന ചടങ്ങ് ഹുസൈന്‍ ചുള്ളിയോട് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആസാദ് പോരൂര്‍, ഉമ്മര്‍ മങ്കട എന്നിവര്‍ ഹാരാര്‍പ്പണം ചെയ്തു. കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാത്ത ഇന്ത്യയില്‍ ഇന്ന് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഒന്നില്‍ പോലും ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഒരു വിധത്തിലുമുള്ള ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല എന്നത് ഏറെ ആശങ്കജനകമാണെന്ന് കെ പി എ മജീദ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനങ്ങളെ തമ്മിലടിപ്പിക്കാനും മതപരമായും ജാതീയപരമായും വര്‍ഗീയപരമായും വേര്‍തിരിവുകള്‍ ഉണ്ടാക്കി, ജനാധിപത്യ വിരുദ്ധ നിലപാടുകളെയും ജനദ്രോഹ നടപടികളെയും മറച്ചുപിടിക്കുവാനാണ് ബിജെപി സര്‍ക്കാറിന്റെ ശ്രമം. ഈ കെണിയില്‍ ഇന്ത്യയിലെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും അകപ്പെട്ടു പോകുന്നത് വലിയ ആശങ്കയുളവാക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവില്‍ കോഡ് ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും തകര്‍ക്കുന്നതാണ്. ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ആത്മവിശ്വാസം ഇല്ലാത്ത ബിജെപി സര്‍ക്കാരിന്റെ അവസാനത്തെ കുറുക്കുവഴിയാണ് ഏക സിവില്‍ കോഡ്. ഇതിനെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എതിര്‍ക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുന്ന ഫാഷിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാറിന്റെ അഴിമതിയും ധൂര്‍ത്തും കേരളത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ എത്തിച്ചിരിക്കുന്നു.
പാര്‍ട്ടിക്കാര്‍ ചെയ്തുകൂട്ടുന്ന അനധികൃത പ്രവര്‍ത്തനങ്ങളെയും അഴിമതികളെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു സംരക്ഷിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈയടുത്തകാലത്ത് നിയമിതനായ ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ മെംബര്‍ഷിപ്പ് കാംപയിന്‍ പൂര്‍ത്തിയാക്കി പുനസംഘടനയിലേക്ക് പ്രവേശിക്കുന്ന സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാക്കുവാന്‍, നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും അതിന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നല്‍കുന്ന പിന്തുണയും ഏറെ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.പി.എസ്.ടി.എ കൊണ്ടോട്ടി ഉപജില്ല പ്രസിഡന്റ് അബൂബക്കര്‍ ഹാജിക്കും ചടങ്ങില്‍ സ്വീകരണം നല്‍കി. മാതൃ പ്രസ്ഥാനത്തിന് ഗുണകരമാകുന്ന രീതിയില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒഐസിസി ജിദ്ദ റീജ്യനല്‍ കമ്മിറ്റി സെക്രട്ടറി മുജീബ് തൃത്താല, ഒഐസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അസ്ഹാബ് വര്‍ക്കല, കണ്ണൂര്‍ ജില്ല പ്രസിഡന്റ് റഫീഖ് മൂസ, നാസര്‍ കോഴിത്തൊടി, മലപ്പുറം ജില്ലാ മുന്‍ പ്രസിഡന്റ് സിഎം അഹമ്മദ് ആക്കോട് , മുസ്തഫ പെരുവള്ളൂര്‍ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഇസ്മയില്‍ കൂരിപ്പൊയില്‍, ബാവ പേങ്ങാടന്‍, ഹംസ ചേരൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അലവി ഹാജി ക്ലാരിമുക്ക് സ്വാഗതവും ഫൈസല്‍ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. സമീര്‍ കാളികാവ്, അലിബാപ്പു, ഫിറോസ് ചെറുകോട് എംടി ഗഫൂര്‍ ഗഫൂര്‍ കാളികാവ്, ശിഹാബ് വേങ്ങര, തല്‍ഹത്ത്് എന്നിവര്‍ നേതൃത്വം നല്‍കി.