20
Jul 2025
Sat
20 Jul 2025 Sat

ജിദ്ദ: അതിര്‍വരമ്പുകളില്ലാതെ ജനങ്ങളെ സ്‌നേഹിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്ത അതുല്യനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഒഐസിസി വെസ്റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യനായിരുന്ന ഉമ്മന്‍ ചാണ്ടി അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയകേന്ദ്രമായിരുന്നു. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് അതുല്യമായ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍ കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന സിവി പത്മരാജനേയും ചടങ്ങില്‍ അനുസ്മരിച്ചു. തലസ്ഥാന നഗരിയില്‍ കെപിസിസിക്ക് ആസ്ഥാന മന്ദിരമുണ്ടാക്കുന്നതിന് മുന്‍കൈയെടുത്ത അദ്ദേഹം കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു എന്ന് അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

ഒഐസിസി വെസ്റ്റേണ്‍ റീജ്യനല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കിം പാറക്കല്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന സെക്രട്ടറി തന്‍സീര്‍ കണ്ണനാംകുഴി മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി നേതാക്കളായ സഹീര്‍ മഞ്ഞാലി, റഷീദ് ബിന്‍സാഗര്‍, ആസാദ് പോരൂര്‍, ഷെരീഫ് അറക്കല്‍, മുജീബ് തൃത്താല, അലി തെക്ക്‌തോട്, ഷംനാദ് കണിയാപുരം, മുസ്തഫ ചേളാരി, യൂന്നൂസ് കാടൂര്‍, മോഹന്‍ ബാലന്‍, കുഞ്ഞാന്‍ പൂക്കാട്ടില്‍, അഹമ്മത് ഷാനി, ജില്ലാ പ്രസിഡന്റുമാരായ നാസര്‍ കോഴിതോടി, റഫീഖ് മുസ്സ, റോബിന്‍ തോമസ്, അയൂബ് പന്തളം, ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ അലവി ഹാജി, ഷാനു കരമന, നാസര്‍ വയനാട്, ബാബു ജോസഫ്, വേണു അന്തിക്കാട്, നോര്‍ക്ക കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍, മുന്‍ റീജ്യനല്‍ ഭാരവാഹികളായ വിലാസ് അടൂര്‍, താഹിര്‍ ആമയൂര്‍, വനിതാ വേദി പ്രസിഡന്റ് മൗഷ്മി ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ജന സെക്രട്ടറി അസ്ഹാബ് വര്‍ക്കല സ്വാഗതവും നൗഷാദ് ചാലിയാര്‍ നന്ദിയും പറഞ്ഞു.