ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF 2026) അതിഥി രാജ്യമായ ഒമാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള തങ്ങളുടെ സമുദ്രവ്യാപാര പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കുന്നു. എക്സ്പോ സെന്റർ ഷാർജയിൽ ഒരുക്കിയിരിക്കുന്ന ഒമാൻ പവിലിയനിൽ രാജ്യത്തിന്റെ വ്യാപാര-സമുദ്ര ബന്ധങ്ങൾക്കൊപ്പം ജനജീവിതത്തിനും സംസ്കാരത്തിനും പ്രത്യേകിച്ച് സ്ത്രീകളുടെ പാരമ്പര്യത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്.
|
വിവിധ പ്രദേശങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ അണിയിച്ച ആറ് ചെറു വനിതാ രൂപങ്ങളാണ് പവിലിയനിലെ പ്രധാന ആകർഷണം. വടക്കൻ, തെക്കൻ അൽ ഷർഖിയ ഗവർണറേറ്റുകളിലെ വസ്ത്രധാരണ രീതികളും മസ്കത്ത്, വടക്കൻ അൽ ബാത്തിന മേഖലകളിലെ ബലൂചി വസ്ത്രരീതികളും പ്രദർശനത്തിലുണ്ട്. ചുവപ്പും പച്ചയും നിറങ്ങളിലുള്ള ഷാളോടുകൂടിയ വസ്ത്രം വടക്കൻ അൽ ഷർഖിയയുടെ പ്രത്യേകതയാണെങ്കിൽ, ചുവപ്പും തവിട്ടും നിറങ്ങളിലുള്ള വസ്ത്രവും കനത്ത സ്വർണാഭരണങ്ങളും തെക്കൻ അൽ ഷർഖിയയിലെ സൂറിന്റെ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു.
മസ്കത്ത്, വടക്കൻ അൽ ബാത്തിന മേഖലകളിലെ ബലൂചി വസ്ത്രങ്ങളിൽ എംബ്രോയ്ഡറി ചെയ്ത പച്ചനിറത്തിലുള്ള വസ്ത്രം, ലിഹാഫ് (തലമറ), ദിഷ്ദാഷ (മേൽവസ്ത്രം), സിർവാൽ (പാന്റ്സ്) എന്നിവ ഉൾപ്പെടുന്നു. അൽ വുസ്ത മേഖലയിലെ സ്ത്രീകൾ ഇൻഡിഗോ അല്ലെങ്കിൽ കടുംനിറത്തിലുള്ള ബെഡൂയിൻ വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഒമാനി ബുർഖ അഥവാ ബത്തൂലയും ഇവരുടെ വസ്ത്രധാരണത്തിന്റെ ഭാഗമാണ്. അൽ ബുറൈമി, മുസന്ദം മേഖലകളിലും സമാനമായ രീതികളുണ്ട്. ദോഫാറിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ കൈകൊണ്ടുള്ള എംബ്രോയ്ഡറിയും വർണാഭമായ തുണിത്തരങ്ങളും കൊണ്ട് വ്യത്യസ്തമാണ്.
എബിഎസ് മെറ്റീരിയൽ ഉപയോഗിച്ചുള്ള 3ഡി പ്രിന്റിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രദർശനം ഒരുക്കിയതെന്ന് ഫൈൻ ആർട്സ് ഡയറക്ടർ അമാൽ മുഹമ്മദ് പറഞ്ഞു. ഒമാന്റെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രദർശിപ്പിച്ചിരിക്കുന്ന പരമ്പരാഗത വസ്ത്രങ്ങൾക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വസ്ത്രധാരണ രീതികളുമായി ഏറെ സാമ്യമുണ്ടെന്നും അവർ വ്യക്തമാക്കി.
ഒമാനിലെ സ്ത്രീശാക്തീകരണവും സാമൂഹിക ജീവിതവും വ്യക്തമാക്കുന്ന ചിത്രങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിൽ കുതിരസവാരി നടത്തുന്ന സ്ത്രീ മുതൽ ബുർഖ ധരിച്ച മുതിർന്ന സ്ത്രീകൾ വരെയുണ്ട്. രാജ്യത്തിന്റെ വൈവിധ്യമാർന്ന സ്ത്രീജീവിതവും സാംസ്കാരിക പൈതൃകവുമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിലുള്ളത്. 12 ദിവസം നീളുന്ന പരിപാടിയിൽ സാഹിത്യചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപ്പശാലകൾ, നാടകാവതരണങ്ങൾ, ത്രില്ലർ ഫെസ്റ്റിവൽ, കുക്കറി കോർണർ എന്നിവയുൾപ്പെടെ 1,500 സാംസ്കാരിക-കലാപരിപാടികളും അരങ്ങേറുന്നു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





