യുഎം മുഖ്താർ എഴുതുന്നു
|
40 വർഷം മുമ്പാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊല നടന്നത്. അതും ഇന്ത്യയിൽ, കൃത്യമായി പറഞ്ഞാൽ നെല്ലിയിൽ. 21 ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് നെല്ലി. അതിൽ 17ഉം പൂർണമായും മുസ് ലിം ഗ്രാമങ്ങളാണ്.
NRC കത്തിനിൽക്കുന്ന സമയത്ത് അസം സന്ദർശിച്ചപ്പോൾ നെല്ലിയിലും ഞാൻ പോയിരുന്നു. ഗുജറാത്തും കോയമ്പത്തൂരും ഭീവണ്ടിയും സൂറത്തും അടക്കമുള്ള കലാപങ്ങളിൽനിന്ന് ഭിന്നമായി നെല്ലിയിലെ പ്രത്യേകത നാലഞ്ചു മണിക്കൂർ കൊണ്ട് കൂടുതൽ പേരെ കൊന്നുവെന്നതാണ്. ദിവസങ്ങളോളം ഗുജറാത്ത് കലാപം നീണ്ടെങ്കിൽ രാവിലെ തുടങ്ങി ഉച്ചയായപ്പോഴേക്കും നെല്ലിയിലെ അക്രമികൾ ‘ടാർഗറ്റ്’ പൂർത്തിയാക്കി.
1983 ഫെബ്രുവരി 18 വെള്ളിയാഴ്ച എട്ടുമണിയോടെ വാൾ, കത്തി, തോക്ക്, ദണ്ഡ് എന്നിവ സഹിതം നൂറുകണക്കിനു പേരടങ്ങുന്ന സംഘം മാതൃ അസം നീണാൽ വാഴട്ടെ, വിദേശികളെ കശാപ്പ് ചെയ്യുക എന്നീ മുദാവാക്യങ്ങളുമായി ഗ്രാമം വളയുകയായിരുന്നു. ബഹളം കേട്ട് വീടിനു പുറത്തിറങ്ങിയ ബംഗാളി മുസ് ലിംകൾക്ക്, ഇതുവരാനിരിക്കുന്ന വലിയൊരു കൂട്ടക്കുരുതിക്കുള്ള സൂചനകൾ ലഭിച്ചതുമില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാനും ആൾക്കൂട്ടത്തെ കാണാനുമായി പലരും വീടിനുപുറത്തിറങ്ങി. ആൾക്കൂട്ടം വീടുകൾക്ക് അടുത്തെത്തിയതു മുതൽ, അതിവേഗം കുരുതി തുടങ്ങി. തല വേർപ്പെട്ട് വയലിൽ വീണപ്പോഴും ഇളംകഴുത്തിൽ കത്തിവീണ കുഞ്ഞുങ്ങളെ കൈവിടാതിരുന്ന ഉമ്മമാരുടെ ഫോട്ടോകൾ നെല്ലി കൂട്ടക്കൊലകളുടെ പ്രതീകമായി. നെല്ലി മസാകർ എന്ന് സെർച്ച് ചെയ്താൽ ആ ഫോട്ടോകളാണ് ആദ്യം കാണുക.
ആറുമണിക്കൂർ സമയത്തെ നഹത്യക്കിടെ കൊല്ലപ്പെട്ടത് ഔദ്യോഗിക രേഖകളിൽ 2,191 പേർ. അനൗദ്യോഗിക കണക്കുകളനുസരിച്ച് 10,000ലേറെ പേരാണ്. കൊല്ലപ്പെട്ടവരിൽ 80 ശതമനവും സ്ത്രീകളും കുട്ടികളുമാണ്. മൃതശരീരങ്ങൾ പ്രദേശത്തെ വയലുകളിലും തോടുകളിലും ദിവസങ്ങളോളം ഒഴുകിനടന്നു. ജീർണിച്ച മൃതദേഹങ്ങളുടെ സാന്നിധ്യം മൂലം പ്രദേശത്തുകാർ മൽസ്യം കഴിച്ചിരുന്നില്ലെന്ന് റിപോർട്ടുണ്ടായിരുന്നു. ഗുവാഹതി നൗഗാവ് ദേശീയപാതയിലെ മേൽപ്പാലത്തിനു തഴെയുള്ള നെല്ലി പള്ളിയുടെ വരാന്തയിൽ ഇരുന്നു സംസാരിക്കുന്നതിനിടെ യൂസുഫുൽ ഹസൈനോട് ഇക്കാര്യത്തെ കുറിച്ച് ഞാൻ ചോദിച്ചു. കൂട്ടക്കൊല കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷം കൊപിലി നദിയിൽ നിന്ന് പിടിച്ച മൽസ്യത്തിൽ നിന്ന് മനുഷ്യന്റെ വിരൽ കിട്ടിയിരുന്നു. അതോടെ ആ കുടുംബവും പിന്നീട് ഇത് കേട്ട ചിലരും മീൻ തിന്നുന്നത് നിർത്തി. ഇപ്പോഴും മീൻ തിന്നാത്ത കുറച്ചുപേരുണ്ടെന്നും യൂസുഫുൽ പറഞ്ഞു.
688 ക്രിമിനൽ കേസുകൾ കൂട്ടക്കൊലയുടെ പേരിൽ പൊലീസ് രജിസ്റ്റർ ചെയ്‌തെങ്കിലും 378 എണ്ണവും തെളിവുകളുടെ അഭാവത്തിൽ എഴുതിത്തള്ളി. 1985ലെ അസം കരാറിന്റെ ഭാഗമായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കുകയും ചെയ്തു. കേസിൽ ഒരാൾപോലും ശിക്ഷിക്കപ്പെടാത്തത് ഇന്ത്യൻ നിയമ സംവിധാനത്തിന്റെ ഇരട്ടത്തപ്പായി ഇന്നും അവശേഷിക്കുന്നു.