
മസ്ഹർ
![]() |
|
ക്രിസ്തുവിന്നോളം വലിയൊരു രാഷ്ട്രീയ രക്തസാക്ഷിത്വമുണ്ടോ!
“ഒരിടത്തവന്നുപേർ ചെഗ്‌വേര എന്നെങ്കിൽ
ഒരിടത്തവന്നു ഭഗത്‌സിംഗു പേർ
ഒരിടത്തവൻ യേശുദേവനെന്നാണു
വേറൊരിടത്തവന്നു മഹാഗാന്ധി പേർ
ആയിരം പേരാണവന്നു ചരിത്രത്തിൽ
ആയിരം നാവവനെക്കാലവും”
-മുരുകൻ കാട്ടാക്കട-
പൊളിറ്റിക്കൽ ക്രിസ്ത്യാനിറ്റി എന്ന ആശയത്തെ ഇത്രത്തോളം തകിടം മറിച്ചതും ലഘൂകരിച്ചതും സഭകളും പുരോഹിതരും കൂടി ചേർന്നാണ്. അതുകൊണ്ടാണ് തലശ്ശേരി ആർച്ച് ബിഷപ്പ് പാംപ്ലാനിയെ പോലുള്ളവർ ഇത്തരം അരാഷ്ടീയവാദങ്ങൾ എഴുന്നെള്ളിക്കുന്നത്. ഭൂമിയിൽ ‘ദൈവരാജ്യം’ അഥവാ ഹുകൂമത്തെ ഇലാഹി സ്ഥാപിക്കാനായി ഭൂജാതനായ യേശുക്രിസ്തുവിൻ്റേതാണ് ആദ്യത്തെ ഏറ്റവും ലക്ഷണമൊത്ത പൊളിറ്റിക്കൽ മരണം.
ബിബ്ലിക്കൽ വായനയിൽ കുരിശുമരണമെന്ന് നാം പറയുമ്പോഴും ആ മരണത്തിൻ്റെ അന്തസത്ത യഹൂദരുടെ കടുത്ത രാഷ്ട്രീയ വിരോധമായിരുന്നു.
രാജഭരണകൂടങ്ങളോട് സമരസപ്പെട്ട യൂറോകേന്ദ്രീകൃത സഭകൾക്ക് അധികാരത്തിൻ്റെ സുഖലോലുപതയും ഉച്ചിഷ്ടവും ചെങ്കോലിൻ്റെ തുമ്പ് പിടിക്കലും അതിന്റെ പരോക്ഷ നിയന്ത്രണവും മതിയായിരുന്നു. ‘ദൈവരാജ്യം’ എന്ന പൊളിറ്റിക്കൽ ടെർമിനോളജിയെ മയപ്പെടുത്തി പ്രഘോഷണങ്ങളിലൊതുക്കിയ സഭകളും പുരോഹിതരും നീണ്ട കുരിശുയുദ്ധ കാലങ്ങളിലെല്ലാം അധികാര കൊത്തളങ്ങളുടെ ആശ്രിതരോ അതിൻ്റെ ബെനിഫിഷറികളോ മാത്രമായി ചുരുങ്ങി. ഇന്ത്യയിലെത്തിയ സഭകളാകട്ടെ ബ്രിട്ടീഷ്/പോർച്ചുഗീസ് അധിനിവേശകരുടെ പാദവേകരായിരുന്നു താനും. ഇപ്പോഴിതാ സംഘ് പരിവാർ ഫാസിറ്റ് ഭരണകൂടത്തിൻ്റെ ഉച്ചിഷ്ടം കൊതിക്കുന്നതിലെത്തി നിൽക്കുന്നു. ക്രിസ്തുവിൻ്റെ പൊളിറ്റിക്കൽ പാരമ്പര്യത്തെ വായിച്ചെടുക്കാനാവാത്തതിനാൽ ആ ഗണത്തിൽ പെട്ട പാപ്ലാനി പിതാവ് രാഷ്ടീയ രക്തസാക്ഷിത്വത്തെ അപഹസിച്ചില്ലെങ്കിലേ അൽഭുതപ്പെടാവൂ.
യേശുക്രിസ്തുവിനെ ക്രൂശിച്ചത് താൻ ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. “യഹൂദൻമാരുടെ രാജാവ്” എന്ന് താൻ അവകാശപ്പെട്ടു എന്നതായിരുന്നു യേശുവിനുമേൽ ആരോപിക്കപ്പെട്ട കുറ്റം. കുറ്റകാരണം ക്രൂശിൻമേൽ തൂക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു, ‘ഇവൻ യഹൂദൻമാരുടെ രാജാവ്’ എന്നതായിരുന്നു യേശുവിന്റെ കുറ്റകാരണമായി രേഖപ്പെടുത്തിയിരുന്നത്. പഴയനിയമ പ്രവചന പ്രകാരം യഹൂദൻമാർ രാജാവായ മശിഹയെ പ്രതീക്ഷിക്കുന്നവരായിരുന്നു. വാഗ്ദത്ത മശിഹ(ക്രിസ്തു) വരികയും റോമാ സാമ്രാജ്യത്തിന്റെ അധികാരത്തിൻ കീഴിലായിരുന്ന യഹൂദരെ രക്ഷിച്ച് ഭൂമിയിൽ രാജ്യം സ്ഥാപിക്കുകയും സന്തോഷവും സമാധാനവും പുനഃസ്ഥാപിച്ചു കൊടുക്കുമെന്നും അവർ വിശ്വസിച്ചിരുന്നു.
യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യൻമാരിൽ ഒരുവൻ യൂദാ ആയിരുന്നു. യൂദയാണ് 30 വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തത്. യേശുക്രിസ്തുവിനോടൊപ്പം സഞ്ചരിക്കുകയും, താമസിക്കുകയും ചെയ്തുകൊണ്ടിരുന്ന യൂദാ ഒടുവിൽ ഒറ്റിക്കൊടുക്കലിന് ശേഷം തകർന്ന ഹൃദയത്തോടെ പറഞ്ഞു – “ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു. യേശുക്രിസ്തുവിനെ യെഹൂദൻമാരുടെ സാന്നിദ്ധ്യത്തിൽ വിസ്തരിച്ച പീലാത്തോസ്, വെള്ളം എടുത്ത് പുരുഷാരം കാൺകെ കൈകഴുകി, “ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല, നിങ്ങൾ തന്നെ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു” അവനെ ക്രൂശിയ്ക്ക, ക്രൂശിയ്ക്ക എന്ന് അലറിവിളിക്കുന്ന പുരുഷ മഹാസമുദ്രത്തിന്റെ നടുവിൽ നിന്നാണ് ഈ പ്രഖ്യാപനം പീലാത്തോസ് നടത്തിയത്. രക്തസാക്ഷികളെ കുറിച്ച് പറയുമ്പോഴെല്ലാം ഒറ്റുകൊടുത്ത യൂദായും കൈകഴുകിയ പീലാത്തോസും ചരിത്രത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കും.