
നൗഷാദ് കുനിയിൽ എഴുതുന്നു
![]() |
|
കഴിഞ്ഞ ദശകത്തിൻറെ തുടക്കം. റിയാദിലെ ഒരു വാരാന്ത സായന്തനം. സായന്തന കാറ്റേറ്റ് റമാദ് ഹോട്ടലിന്റെ വരാന്തയിൽ പ്രിയപ്പെട്ട അശ്‌റഫ് തങ്ങളോടൊപ്പം വിശിഷ്ടനായൊരു മനുഷ്യനെ കാത്തിരിക്കുകയാണ് ഞങ്ങൾ. തങ്ങൾ ഞങ്ങൾ കാത്തിരിക്കുന്ന അതിഥിയെക്കുറിച്ച് ഞങ്ങളോട് വാചാലനായി. ഞങ്ങൾ തങ്ങളെ കേൾക്കാനായി കാതുകൂർപ്പിച്ചു. തങ്ങൾ പറഞ്ഞുകൊണ്ടിരുന്നു… കേട്ടിട്ടും കേട്ടിട്ടും മതിവരാതെ, മടിവരാതെ ഞങ്ങൾ തങ്ങളെ കേട്ടുകൊണ്ടേയിരുന്നു.
മിനിറ്റുകൾക്കകം, അഭൗമമായൊരു പ്രഭാവലയം മുഖത്ത് പ്രശോഭ വിടർത്തി, വശ്യസുന്ദരമായൊരു പുഞ്ചിരി വിതറി ഒരു മനുഷ്യൻ കാറിൽ നിന്നിറങ്ങി. “ജമാൽ സാഹിബ് എത്തി…” തങ്ങൾ പറഞ്ഞു. ഞങ്ങൾ കാറിനടുത്തേക്ക് നടന്നു. ഓരോരുത്തരേയും കൈപിടിച്ച് സലാം പറഞ്ഞു. ഭൂമിക്ക് നോവുമോ എന്ന് പേടിക്കുന്ന പോലെ സൗമ്യസുന്ദരമായ നടത്തം… വെളുപ്പിനെ തോൽപ്പിക്കുന്ന ശുഭ്രതയാർന്ന വസ്ത്രം. മുത്തുമണികൾ കിലുങ്ങുന്നപോലുള്ള മൊഴിമുത്തുകൾ നിറഞ്ഞ പതിഞ്ഞ സ്വരം…
ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയതാണ് ജമാൽ മുഹമ്മദ് സാഹിബ്. അനാഥകൾ എന്ന സംജ്ഞയുടെ കേവലാർഥങ്ങളെ പൊളിച്ചെഴുതിയ മഹാമനീഷി… അനാഥത്വത്തിന് സനാഥത്വമെന്നൊരു അർഥപരികല്പനയുടെ സാധ്യത സമൂഹത്തെ ബോധ്യപ്പെടുത്തിയ കർമയോഗികളിൽ ഒരാൾ! ഗ്രെയ്‌സ് റിയാദ് ചാപ്റ്ററിലെ പ്രവർത്തകരോട് സംസാരിക്കാനുള്ള ക്ഷണത്തെ സ്നേഹപൂർവം സ്വീകരിച്ചുകൊണ്ടാണ് ജമാൽ സാഹിബ് ആ വൈകുന്നേരം, പറഞ്ഞ നേരത്തിൽ നിന്നും ഇത്തിരിപോലും വൈകാതെ എത്തിയത്!
ജമാൽ സാഹിബ് പറഞ്ഞുതുടങ്ങി. കട്ടിയുള്ള പുരികങ്ങൾക്കു താഴെ ആഴമേറിയ കണ്ണുകൾ. എഡിറ്റു ചെയ്തുള്ള സംസാരം. തുടരുന്ന സംസാരമധ്യേ അദ്ദേഹം “എൻറെ വീട്ടിലെ മക്കൾക്ക് ഞാൻ ഉപ്പയാണ്. ഓർഫനേജിലെ എൻറെ കുഞ്ഞുങ്ങൾക്കും ഞാൻ ഉപ്പയാണ്…”. എന്തൊക്കെയോ ഓർത്തെടുക്കുന്നപോലെ അദ്ദേഹം നിശ്ശബ്ദനായി. കട്ടിയുള്ള കണ്ണടകൾക്ക് പിറകിലുള്ള കയമുള്ള കണ്ണുകളിൽനിന്നും ജലമൊഴുകി. മികച്ച വായനക്കാരനും അപൂർവസുന്ദരങ്ങളായ പദങ്ങളുടെ മഹാസമ്പത്തുമുള്ള ജമാൽക്ക വാക്കുകൾ കിട്ടാതെ വീണ്ടും കുറച്ചുനേരം മൗനത്തിൻറെ തീരത്തുനിന്നു.
ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ് വായിക്കണമെന്ന് ഉണർത്തി. വിക്ടർ ഹ്യുഗോയുടെ ‘പാവങ്ങൾ’ തൻറെ ജീവിത വീക്ഷണങ്ങളെ മാറ്റിമറിച്ചതിനെക്കുറിച്ച് പറഞ്ഞു. ഒരു ഘട്ടത്തിലും വർഗീയമായി ചിന്തിക്കുകയേ ചെയ്യരുതെന്നും, വിശപ്പിനും കഷ്ടപ്പാടിനും മതമോ നിറമോ ഇല്ലെന്നും കർക്കശസ്വരത്തിൽ ഓർമിപ്പിച്ചു. സി.എച്ച് പഠിച്ച കോളജിൽ പഠിക്കാൻ സാധിച്ചതിൻറെ അഭിമാനവും ഖാഇദേ മില്ലത്തിന്റെ സഹവാസമേകിയ അവാച്യമായ അനുഭൂതിയും ഇടറുന്ന കണ്ഠത്തോടെ പങ്കുവച്ചു.
ഇമവെട്ടാത്ത കണ്ണുകളോടെ ആ സാത്വിക മുഖത്തേക്ക് നോക്കികൊണ്ടേയിരുന്നു. ഋഷി സമാനമെന്നോ ശിശു സമാനമെന്നോ വിശേഷിപ്പിക്കാവുന്ന നിഷ്കളങ്കത അതിൻറെ പരിപൂർണഭാവത്തിൽ കളിയാടുന്ന മുഖം. എഡിറ്റ് ചെയ്തുള്ള സംസാരം. ഗുണകാംക്ഷ നിറഞ്ഞു നിൽക്കുന്ന വാക്കുകൾ. അദ്ദേഹത്തിൻറെ മുഖത്തേക്കിങ്ങനെ വെറുതേ നോക്കി നിന്നാൽ മതി, നമ്മുടെ കണ്ണുകൾ നിറയും – ഖൽബും!പിന്നീട്, ജമാൽക്കയുടെ മുഖം കാണും നേരത്തൊക്കെയും എന്തുകൊണ്ടോ എനിക്ക് മദർ തെരേസയെയും ഓർമവരും…
പ്രിയപ്പെട്ട ‘ചങ്കാ’തി ഉമ്പാച്ചി ജമാൽ സാഹിബിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ഒരിക്കൽ പങ്കുവച്ചിരുന്നതോർക്കുന്നു. ഉമ്പാച്ചി അന്ന് ദുബായിലാണ്. ജമാൽക്ക അബുദാബിയിൽ വന്നു. മറ്റൊരു പ്രതിഭാസമായ നാസർക്കായുടെ വീട്ടിലാണ് താമസം. ഉമ്പാച്ചിയെ നാസർക്ക വീട്ടിലേക്ക് ക്ഷണിച്ചു – ജമാൽക്കയെ കാണാമല്ലോ!
ദുബായിലെ അന്നത്തെ ജോലി തീർത്തു അബുദാബിയിൽ എത്തുമ്പോൾ ഏറെക്കുറെ രാത്രി ഒരു മണി ആയിട്ടുണ്ട്. രാത്രി വൈകിയേ എത്തൂ എന്നതുകൊണ്ട് ഉമ്പാച്ചിക്കുള്ള ഭക്ഷണം മൂടിവെച്ച് എല്ലാവരും കിടന്നിരുന്നു. ഭക്ഷണം ഇരിക്കുന്ന പാത്രവും ഉറങ്ങാനുള്ള കട്ടിലും കാണിച്ചു നാസർക്കയും പിന്മാറി. അപ്പോൾ ഉറങ്ങാൻ കിടന്നിരുന്ന ജമാൽ സാഹിബ് എഴുന്നേറ്റുവന്നു. ഹസ്തദാനവും ആലിംഗനവുമൊക്കെ കഴിച്ചു വയറ്റിലെ തീയണക്കാനിരുന്നു ഉമ്പാച്ചി. ജമാൽ സാഹിബ് കിടപ്പുമുറിയിലേക്കു പോവുകയും ചെയ്തു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒന്നിലേറെ തവണ അദ്ദേഹം വന്നു നോക്കി തിരിച്ചു പോയിയത്രേ! അതെന്തിനെന്ന് ഉമ്പാച്ചിക്ക് പിടികിട്ടിയില്ല. ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയ ശേഷവും അദ്ദേഹം ഒന്നു കൂടി വന്നു ആ പാത്രങ്ങൾ തുറന്നു നോക്കുകയുണ്ടായി. അതും ഉമ്പാച്ചി കണ്ടു. ഉമ്പാച്ചിക്ക് എന്തോ പന്തികേടു തോന്നുകയും ഇയാൾക്കിതെന്തിന്റെ അസുഖമാണെന്നൊരു വിചാരത്തോടെ ഉറങ്ങുകയും ചെയ്തു. പിറ്റേന്നുണർന്നു ഖിസ്സകളും ചർച്ചകളും തുടങ്ങി. ഉച്ചക്ക് ഒരൊഴിവിൽ രാത്രിയിലെ സംഭവത്തെക്കുറിച്ച് നാസർക്കാനോട് പറഞ്ഞു.
നാസർക്ക പറഞ്ഞു ‘അതാണ് ജമാൽക്ക’… “രാത്രി ഞാൻ വരാൻ വൈകുമെന്നു പറഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചപ്പോൾ എനിക്കുള്ളത് മാറ്റിവെക്കുക ആയിരുന്നല്ലോ!” – ഉമ്പാച്ചി പറയുകയാണ് – “ഞാൻ വന്നു കഴിക്കാൻ തുടങ്ങിയപ്പോൾ എനിക്കതു മതിയാകുമോ എന്നൊരു സംശയത്തിലായിരുന്നു ജമാൽ സാഹിബ്. ആ അസ്വസ്ഥത കാരണമാണ് ഇടക്കു വന്നു നോക്കിക്കൊണ്ടിരുന്നത്. ഞാൻ കഴിച്ചെഴുന്നേറ്റ ശേഷം വന്നു പാത്രം തുറന്നു നോക്കിയത് മുഴുവൻ കഴിച്ചോ എന്നറിയാനാണ്. ഞാൻ കഴിച്ചിട്ടും അല്പം ബാക്കിയായത് കണ്ടപ്പോഴാണു അദ്ദേഹത്തിനു സന്തോഷം ആയത്.” ജമാൽ സാഹിബ് വിടപറഞ്ഞു… കരുണാവാരിധിയായ നാഥാ, നിൻറെ കരുണയുടെയും ഔദാര്യത്തിൻറെയും കടാക്ഷംകൊണ്ട് ജമാൽ സാഹിബിനെ സ്വീകരിക്കേണമേ…