
സമീർ കല്ലായി
![]() |
|
പൊളിറ്റിക്കൽ ഇസ് ലാം പരാമർശത്തിലൂടെ വിവാദം സൃഷ്ടിച്ച പി ജയരാജൻ സിപിഐഎമ്മിന് വീണ്ടും തലവേദനയാകുന്നു. അടുത്ത മാസം പുറത്തിറങ്ങുന്ന ജയരാജന്റെ പുതിയ പുസ്തക ചർച്ചയോടനുബന്ധിച്ചാണ് വിവാദ പരാമർശം ചർച്ചയായത്. ബാബരി മസ്ജിദിന്റെ തകർച്ചയോടെയാണ് കേരളത്തിൽ തീവ്രവാദത്തിന് തുടക്കമായതെന്നും ഐ എസിലേക്കടക്കം റിക്യൂട്ട്മെൻറ് ഉണ്ടായതെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. സിപിഐഎം നിലപാടുകൾക്ക് വിരുദ്ധമാണിതെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ ലൗ ജിഹാദ് വിഷയം ഉയർന്നപ്പോഴടക്കം സിപി എം തള്ളിക്കളഞ്ഞ നിലപാടാണിത്. മാത്രമല്ല ജയരാജന്റെ വാദം ആഭ്യന്തര വകുപ്പിനെതിരാണെന്നും മുഖ്യമന്ത്രിക്കു തന്നെ എതിരെയാണെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ജയരാജന്റെ അഭിപ്രായത്തിൽ സിപിഐഎം നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക മുഖപത്രമായ ദീപികയും മുന്നോട്ടു വന്നത് സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ന്യൂനപക്ഷ പ്രീണനമാണെന്ന ഒരു വിഭാഗത്തിന്റെ ആരോപണം പൊക്കി പിടിച്ചാണ് തീവ്ര നിലപാടുള്ള കാസ പോലുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം അനവസരത്തിലുള്ള ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ മുസ് ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടി തള്ളിയ നിലപാടുകൾ ആവർത്തിക്കുന്നതിലൂടെ ആർ എസ് എസ് പ്രീണനമാണോ ജയരാജൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ന്യൂനപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നത്. പുതിയ പുസ്തകം വിറ്റുപോകാനുള്ള വിവാദം സൃഷ്ടിക്കൽ മാത്രമാണിതെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായതും സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന പരാമർശത്തിന് നടപടി ഉണ്ടാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
നേരത്തെ പിജെ ആർമിയുടെ പേരിൽ വ്യക്തി പൂജ സൃഷ്ടിച്ചുവെന്ന ആരോപണത്തിൽ നടപടി നേരിട്ടയാളാണ് ജയരാജൻ. ലോക്‌സഭാ തിരഞ്ഞടുപ്പിൽ വടകര തോൽവിക്ക് ശേഷം ജയരാജനിൽ നിന്ന് എടുത്തു മാറ്റിയ ജില്ലാ സെക്രട്ടറി പദം തിരികെ നൽകാത്തതും ചർച്ചയായിരുന്നു. ജയരാജനെ ഒതുക്കുന്നതിന്റെ ഭാഗമാണിതെന്നാണ് പറയപ്പെട്ടിരുന്നത്. ഇതിന് ശേഷം ജയരാജൻ പാർട്ടി നേതാക്കൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അക്രമം നടത്തുന്നുവെന്നും പരാതി ഉയർന്നിരുന്നു, ഇപി ജയരാജന്റെ റിസോർട്ട് വിവാദ മടക്കം ഇത്തരത്തിൽ സൃഷ്ടിക്കപ്പെട്ടതാണെന്നായിരുന്നു ആരോപണം. ഏതായാലും കേരളത്തിൽ പൊളിറ്റിക്കൽ ഇസ് ലാം ശക്തമാണെന്ന ജയരാജന്റെ ആരോപണം സി പി ഐ എമ്മിൽ അലയടികളുയർത്തിയിട്ടുണ്ട്.
പാർട്ടി സ്വതന്ത്ര എം എൽ എ പി വി അൻവർ ആഭ്യന്തര വകുപ്പിന് എതിരെ ഉയർത്തിയ ആരോപണങ്ങൾ അന്തരീക്ഷത്തിൽ നില നിൽക്കെയാണ് ജയരാജന്റെ ആരോപണമെന്നതും സർക്കാരിനെ കുഴക്കുന്നുണ്ട്. പാർട്ടി ശത്രുക്കൾക്ക് ജയരാജൻ വടി എടുത്തു നൽകിയത് ശരിയായില്ലെന്നാണ് പൊതുവെ പാർട്ടിക്കകത്ത് ഉയർന്നിട്ടുള്ള അഭിപ്രായം. അതേ സമയം ന്യൂനപക്ഷ വിരുദ്ധമായ പരാമർശങ്ങൾ ഒന്നും തന്നെ തന്റെ പുസ്തകത്തിലില്ലെന്നാണ് ജയരാജന്റെ വിശദീകരണം. എന്നാൽ പി ജയരാജന്റെ നിലപാടുകൾ തള്ളി ഇപി ജയരാജൻ തന്നെ രംഗത്ത് വന്നതോടെ പാർട്ടിക്കുള്ളിൽ പുതിയ പോർമുഖം തുറക്കുമെന്നുറപ്പ്.