മസ്ഹര്‍ എഴുതുന്നു
|
2014 മുതല്‍ സംഘ്പരിവാറിന്റെ താരപ്രചാരകനായ സാക്ഷാല്‍ ഗുജറാത്ത് വംശഹത്യാ ഫെയിം നരേന്ദ്ര രാമദാസ് മോദി 2024 രണ്ടാംഘട്ട പ്രചാരണത്തിന്റെ തുടക്കം കുറിച്ച് രാജസ്ഥാനിലെ ബന്‍സാരയില്‍ ഇന്നലെ പറഞ്ഞത് ഹിന്ദു ഭൂരിപക്ഷ വോട്ടുകള്‍ അപ്പടി താമരയുടെ കൊട്ടയില്‍ ഇടാനുള്ള പതിനെട്ടാമത്തെ അടവാണ്. വിമര്‍ശകരെ നിശ്ശബ്ദരാക്കാന്‍ വേണ്ടി മാത്രം അലിഗഢില്‍ പോയി ഹജ്ജ് ക്വാട്ടയെ കുറിച്ചും മുത്വലാഖ്, മെഹറം വീരസ്യങ്ങള്‍ വിളമ്പിയത് ആരും ഗൗരവത്തിലെടുക്കുന്നില്ല. ഈ വിദ്വേഷങ്ങളെല്ലാം കല്‍പിച്ച് ഉറപ്പിച്ച് പറഞ്ഞതാണെന്നതിന് തെളിവാണ് വീണ്ടും റിസര്‍വേഷനെ കുറിച്ച് പറഞ്ഞ നട്ടാല്‍ മുളയ്ക്കാത്ത പെരുംനുണകള്‍.
കോണ്‍ഗ്രസ് എസ് സി/എസ് ടി റിസര്‍വേഷനെടുത്ത് മുസ്ലിംകള്‍ക്ക് കൊടുത്തു /കൊടുക്കും എന്നതാണ് ആ കല്ലുവെച്ച നുണ. ഇന്നലെ തന്നെ ഈ കാളകൂട വിഷം അമിത്ഷാ ചീറ്റിയിരുന്നു. മുസ് ലിംകളുടെ നാല് ശതമാനം റിസര്‍വേഷന്‍ ഇല്ലാതാക്കി പട്ടികജാതിക്കാര്‍ക്ക് കൊടുക്കുമെന്ന് ഷാ പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തുകയാണ് മോദി ചെയ്തിരിക്കുന്നത്. മതപരമായ റിസര്‍വേഷന്‍ ഭരണഘടന അനുകൂലിക്കുന്നില്ല എന്ന എമണ്ടന്‍ ന്യായമാണ് അതിന് അമിത്ഷാ നിരത്തിയത്. ആന്ധ്രപദേശ് / മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒബിസി റിസര്‍വേഷന്‍ സംബന്ധിച്ച് നടന്ന നിയമഭേദഗതികളാണ് ഷാ-മോദി പ്രഭൃതികള്‍ വിഷം തുപ്പാന്‍ ഉപയോഗിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തി കൊണ്ടുവന്ന ജാതി സെന്‍സസിനെ ഭാരതീയ ജനതാ പാര്‍ട്ടിയും സംഘ് പരിവാറും വല്ലാതെ ഭയപ്പെട്ടുതുടങ്ങി എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ ഹാലിളക്കം.
‘നേരത്തെ, അവര്‍ (കോണ്‍ഗ്രസ്) അധികാരത്തിലിരുന്നപ്പോള്‍, രാഷ്ട്രത്തിന്റെ സമ്പത്തില്‍ മുസ്ലിംകള്‍ക്കാണ് പ്രഥമ അവകാശം എന്ന് പറഞ്ഞു. അവര്‍ ഈ സമ്പത്ത് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്, നുഴഞ്ഞുകയറ്റക്കാര്‍ക്ക് വിതരണം ചെയ്യും, നിങ്ങള്‍ ഇത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കണോ’ എന്നാണ് നരേന്ദ്രമോദി ആദ്യം ചോദിച്ചത്. 2006 ല്‍ സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ദേശീയ വികസന കൗണ്‍സിലില്‍ വിഭവ വിതരണത്തെ കുറിച്ച് പറഞ്ഞതിനെ വളച്ചൊടിച്ചാണ് മോദി ഇത് പറഞ്ഞത്.
‘ഞങ്ങളുടെ കൂട്ടായ മുന്‍ഗണനകള്‍ വ്യക്തമാണ്: കൃഷി, ജലസേചനം, ജലസ്രോതസ്സുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലെ നിര്‍ണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യങ്ങളുടെ അവശ്യ പൊതുനിക്ഷേപ ആവശ്യങ്ങള്‍, എസ്സി/എസ്ടികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനുള്ള പരിപാടികള്‍, ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഘടകപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്, ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് വളരെ പിന്നാക്കം നില്‍ക്കുന്ന മുസ് ലിം ന്യൂനപക്ഷത്തിന് വികസനത്തിന്റെ ഫലങ്ങളില്‍ തുല്യമായി പങ്കുണ്ടാവണം. റിസോഴ്സുകളില്‍ ആദ്യ ക്ലെയിം മേല്‍പറഞ്ഞവര്‍ക്ക് ഉണ്ടായിരിക്കണം, കേന്ദ്രത്തിന് മറ്റ് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്, അവയുടെ ആവശ്യങ്ങള്‍ മൊത്തത്തിലുള്ള വിഭവ ലഭ്യതയ്ക്കുള്ളില്‍ ഘടിപ്പിക്കേണ്ടതുണ്ട്’.
ഭരണഘടനയുടെ ആണികല്ലായ സോഷ്യലിസം എന്തെന്ന് നെഹ്‌റുവിയന്‍ / ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആശയധാരയിലൂടെ അവതരിപ്പിക്കുക മാത്രമാണ് ഡോ. മന്‍മോഹന്‍സിങ് ചെയ്തത്.
രാഷ്ട്രത്തിന്റെ സമ്പത്തിന്മേല്‍ മുസ്ലിംകള്‍ക്കാണ് പ്രഥമാവകാശമെന്ന് ഒരിടത്തും പറയുന്നില്ല. അങ്ങനെ പറയാന്‍ മാത്രം ഊളകളാണോ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വം എന്നോ അങ്ങനെ സ്വത്തൊക്കെ കൈപ്പിടിയില്‍ കിട്ടുമെന്ന് ദിവാസ്വപ്നം കാണുന്ന പൊട്ടന്‍മാരാണോ ഇന്ത്യന്‍ മുസ്ലിംകള്‍ എന്നോ ചിന്തിക്കാനുള്ള കോമണ്‍സെന്‍സ് ഈ നാട്ടിലെ ശരാശരി വോട്ടര്‍മാര്‍ക്കുണ്ടെന്ന് പോലും നുണ പറയുമ്പോള്‍ മോദി ഓര്‍ക്കാത്തതല്ല. ഹിറ്റ്‌ലര്‍ 1933ല്‍ ജൂതന്‍മാരുടെ കൈകളിലാണ് ജര്‍മനിയുടെ മുഴുവന്‍ സമ്പത്തും എന്ന് വിഷം തുപ്പി ഹോളോകാസ്റ്റ് നടത്തിയതിന്റെ ഓര്‍മയില്‍ തന്നെ പറഞ്ഞതാണത്. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അസമത്വം ഭയനകമാം വിധം വിര്‍ധിച്ചു വരുന്ന ഇന്ത്യയില്‍ നിര്‍ലജ്ജം ഉള്ളവന്റെ കൂടെ നില്‍ക്കുന്ന ഹിന്ദുത്വഫാഷിസത്തിന്റെ വിടുപണി മറച്ചുവയ്ക്കാന്‍ കൂടിയാണ് പ്രഖ്യാപിത ആഭ്യന്തരശത്രുവിന്റെ മേല്‍ വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുന്നത്. അതോടൊപ്പം പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തിന്റെ സമ്പത്ത് മുസ് ലിംകള്‍ക്ക് നല്‍കുമെന്ന് ഹിന്ദുക്കളില്‍ ഭയം സൃഷ്ടിക്കുക എന്ന വ്യക്തമായ തിരഞ്ഞെടുപ്പ് /വോട്ട് ധ്രുവീകരണ ലക്ഷ്യം മുന്നില്‍ കണ്ടാണ് മോദിക്ക് പിന്നാലെ സകല ബിജെപി മന്ത്രിമാരും നേതാക്കളും ഈ നുണ ആവര്‍ത്തിക്കുന്നതിലൂടെ വ്യക്തമാകുന്നത്.
സമ്പത്ത് കൊള്ളയടിക്കുന്നവര്‍ എന്നതോടൊപ്പം കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവരും നുഴഞ്ഞുകയറ്റക്കാരുമായി മുസ് ലിംകളെ ഡമൊനൈസ് ചെയുന്നുമുണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ബിജെപി കാംപയിനര്‍. ഹിന്ദു അമ്മമാരുടെയും പെണ്‍മക്കളുടെയും പക്കലുള്ള സ്വര്‍ണത്തിന്റെ കണക്കെടുക്കുമെന്നും താലിമാല വരെ പൊട്ടിച്ച് അതും കൂടി വിറ്റ് മുസ് ലിംകള്‍ക്ക് കൊടുക്കുമെന്നൊക്കെ നുണ പറയണമെങ്കില്‍ ബിജെപി തോറ്റാല്‍ ഹിന്ദുത്വ ഫാഷിസം രണ്ടും കല്‍പ്പിച്ച് തന്നെയാണെന്നാണ് വരികള്‍ക്കിടയിലൂടെ നാം മനസ്സിലാക്കേണ്ടത്.
അപ്പോഴാണ് നാം ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന ഇത് അവസാനത്തെ തിരഞ്ഞെടുപ്പാണോ ഗാന്ധിയുടെ ഇന്ത്യയും ഭരണഘടനയും നിലനില്‍ക്കുമോ എന്ന ആശങ്കയെ കുറിച്ച് ഓര്‍ത്തു പോവുന്നവുന്നത്. അതിനാല്‍ ബി.ജെ പിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാല്‍ മാത്രം , ഏതു വേഷവും കെട്ടിവരുന്ന ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സിവില്‍ സമൂഹം നിലയുറപ്പിക്കുക കൂടി ചെയ്യുക എന്ന ജനാധിപത്യ ജാഗ്രത ഇനി മുതല്‍ ഉടനീളം ഉണ്ടാവേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ , കോടതികള്‍, സൈന്യം, രാഷ്ട്രപതി ഭവന്‍ എന്നിവയെല്ലാം അതിന്റെ ഭരണഘടന കൃത്യനിര്‍വഹണം ഒരു ബാഹ്യ ഇടപെടലുമില്ലാതെ സധൈര്യം നിറവേറ്റുമെന്ന ഉറച്ച ജനാധിപത്യ ബോധ്യമാണ് ജനാധിപത്യ വിശ്വാസികളായ ഓരോ പൗരനേയും ജീവിപ്പിക്കുന്നത്.