പി കെ കുഞ്ഞാലിക്കുട്ടി
|
രക്ഷാ പ്രവർത്തകർക്ക് കാലാവധി കഴിഞ്ഞ ഭക്ഷണമാണ് കിട്ടിയതെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. അധിക പേർക്കും ഇന്ന് ഭക്ഷണം കിട്ടിയില്ല എന്ന് പോലും കേട്ടു. ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു കൊടുക്കുക എന്നത് ഡിസാസ്റ്റർ റെസ്ക്യൂ മാനേജ്മെന്റിന്റെ ഏറ്റവും വലിയ അജണ്ടകളിൽ ഒന്ന് തന്നെയാണ്. അതിന് കുറ്റമറ്റ സംവിധാനം ഉണ്ടായിരുന്നോ. ഇല്ല എന്ന് തന്നെയാണ് ഇന്നത്തെ വാർത്തകൾ പറയുന്നത്. സർക്കാർ സംവിധാനത്തെ മാത്രം കാത്തു നിന്നിരുന്നെങ്കിൽ ഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന രക്ഷപ്രവർത്തകർ മറ്റൊരു ദുരന്തമായിരുന്നേനെ.
മഹാ ദുരന്തത്തിൽ കേരളം ഒറ്റക്കെട്ടായി നിന്നപ്പോൾ പട്ടാളവും പോലീസും സന്നദ്ധ പ്രവർത്തകരും ഒരു സോഷ്യൽ ആർമി ആയി രാവും പകലും ഊണും ഉറക്കവും ഇല്ലാതെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയപ്പോ അവർക്ക് മൂന്ന് നേരം അന്നം കൊടുക്കുക എന്ന ദൗത്യം ഭംഗിയായി നിർവഹിച്ചവരാണ് യൂത്ത് ലീഗും വൈറ്റ് ഗാർഡും മറ്റു സന്നദ്ധ സംഘടനകളും.
യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിലൂടെ ദുരന്ത ഭൂമിയിൽ സർക്കാർ എന്ത് മഹത്തായ തീരുമാനമാണ് നടപ്പിലാക്കിയതെന്ന് മനസ്സിലാകുന്നില്ല. ഹൈ ജീൻ ആയ ഭക്ഷണം അല്ലെന്ന് പറഞ്ഞാണ് പൂട്ടിച്ചത് . ഇന്ന് നൽകിയ ഭക്ഷണത്തിന് മൂന്ന് ദിവസത്തെയെങ്കിലും പഴക്കം ഉണ്ടെന്നാണ് കേട്ടത്. അപ്പൊ എന്താണ് ന്യായം. ദുരന്ത ഭൂമിയിൽ സർവ്വം സമർപ്പിച്ച് മടങ്ങുമ്പോ ആരും ഒരു കയ്യടിപോലും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, നന്ദികേട് കാണിക്കുന്നത് ഒരു കുറ്റം തന്നെയാണ്. ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോൾ ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതും നിർഭാഗ്യകരമാണ്.