15
Jan 2023
Mon
15 Jan 2023 Mon
savarna bhayathinte sarikedukal opinion mazhar സവർണ ഭയത്തിൻ്റെ ശരികേടുകൾ

മസ്ഹർ

whatsapp സവർണ ഭയത്തിൻ്റെ ശരികേടുകൾ
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഊട്ടുപുരയുമായി ബന്ധപ്പെട്ട സംവാദത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ ‘ഭയം’ പ്രസ്താവനയുടെ ഗുണഭോക്താവ് സംഘപരിവാറായി മാറുകയാണ്. ഇവിടെ സംഘപരിവാർ അജണ്ടയ്ക്ക് ഒത്താശക്കാരനാകുന്ന പഴയിടം നമ്പൂതിരിയുടെ അസ്ഥാനത്തെ പിൻമാറൽ നാടകത്തിലൂടെ ഈ വിവാദം മേൽ കീഴ് മറിയുകയുമാണ്. ആദ്യപ്രതികരണങ്ങളിലില്ലാത്ത പുതിയ വെളിപാടുകൾ സംഘം പരിവാറിന് ഭക്ഷണത്തെ ഭീകരവത്കരിക്കാൻ നമ്പൂതിരി തുറന്നുകൊടുക്കുകയാണ്.
പതിനാലു വർഷം കിട്ടിയ വലിയൊരു ബിസിനസ് വേണ്ടെന്ന് വെക്കുന്നതിലൂടെ അതിലും വലിയ ഫുഡ് ബിസിനസ് നമ്പൂതിരി ലക്ഷ്യം വെക്കുന്നുണ്ടാകാം. ആ ബിസിനസ് സ്ട്രാടജിക്ക് സംഘ് പരിവാർ കാർമികത്വവും വേണ്ടി വന്നേക്കാം. കേരളത്തിലെ നിലവിലെ ഫുഡ്ബിസിനസ് സമവാക്യങ്ങളെ തകർക്കാൻ നോമ്പു നോറ്റു നടക്കുന്ന വരുടെ കുടില ലക്ഷ്യങ്ങൾക്ക് വഴിമരുന്നിടുന്നതാണ് നമ്പൂതിരിയുടെ ഭയം ബോംബ് എന്ന് പറയേണ്ടി വരുന്നത് അതിനാലാണ്.

ആർ വി ബാബു എന്ന ഹിന്ദു ഐക്യവേദി നേതാവ് ഹലാൽ ഭക്ഷണം യുവജനോത്സത്തിൽ വിളമ്പാൻ അനുവദിക്കില്ലെന്ന് തിട്ടൂരം ഇറക്കി കഴിഞ്ഞു. സസ്യാഹാര ശുദ്ധിവാദത്തേയും ബ്രാഹ്മണ്യ സുപ്രീമസിയേയും ചോദ്യം ചെയ്തതു സഹിക്കാനാവാത്ത സവർണത ഒരു ജനാധിപത്യ സംവാദത്തെ പോലും വെടക്കാക്കി തനിക്കാക്കുകയാണ് ഇപ്പോൾ ചെയ്തത്. എന്തുകൊണ്ട് നോൺ വെജായിക്കൂടാ, പഴയിടമില്ലാതാരുമില്ലേ വെക്കാനും വിളമ്പാനും തുടങ്ങിയ അന്വേഷണങ്ങളെ പോലും സഹിഷ്ണുതയോടെ സമീപിക്കാനാവാത്ത വിധം സവർണ പൊതുബോധം ശക്തമാണ്.

കുഴിമന്തിയും ഷവർമയും കഴിച്ചു ഭക്ഷ്യവിഷബാധയേറ്റ മരണങ്ങളെ പോലും സവർണ/ഫാസിസ്റ്റ്‌ ഭക്ഷണ ഭീകരതയിലേക്ക് കടത്തിവിടുന്നത് അത്ര നിഷ്കളങ്കമല്ല. ഹലാൽ ഫുഡിനെതിരെ നിഴൽ യുദ്ധം നടത്തി പരാജയപ്പെട്ട സംഘ് പരിവാർ പഴയിടം വിവാദത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത് ഭയത്തോടെ തന്നെ നാം കാണണം. ഭക്ഷണത്തിൽ നഞ്ച് കലക്കാൻ പോലും മടിക്കാത്ത സംഘ് പരിവാർ അജണ്ടകളേയാണ് സത്യത്തിൽ കേരളം ഭയക്കേണ്ടത്.

വെജിറ്റേറിയൻ വിളമ്പുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല വിവാദത്തിൻ്റെ കാതലെന്ന് ചുരുക്കം.
ഇറച്ചിയും മീനും വെന്താൽ അടുക്കള ഭയപ്പെടുത്തുമെന്ന സവർണ വെജിറ്റേറിയൻ മാടമ്പിത്തത്തേയും അവർണൻ കാര്യസ്ഥനായി വെച്ചുവിളമ്പിയാൽ ശുദ്ധിയാകില്ല എന്ന ബ്രാഹ്മണിക്കൽ ജാതിബോധത്തെയും തകർക്കാതെ ഭക്ഷണത്തെ ജനാധിപത്യവത്കരിക്കാനാകില്ല. കേരളം നവോത്ഥാനത്തിലൂടെ നേടിയെടുത്ത നവ ജനാധിപത്യ മൂല്യങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിന്നോട്ടടിപ്പിക്കാമെന്ന സവർണ ദുശ്ശാസനകളെ കേരളം പുച്ഛിച്ചു തള്ളും. എനിക്ക് ശേഷം പ്രളയം എന്ന് ആരും കരുതുകയും വേണ്ട.

\