14
Apr 2023
Mon
14 Apr 2023 Mon
viduthalai movie review വിടുതലൈ അഥവാ സ്വാതന്ത്ര്യം

എം കെ ഷഹസാദ്

whatsapp വിടുതലൈ അഥവാ സ്വാതന്ത്ര്യം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്ത് ആരുംതന്നെ സ്വാതന്ത്ര്യമനുഭവിക്കുന്നില്ല എന്ന് പറയാതെ പറയുന്ന സിനിമയാണ് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ. കിടപ്പാടം നഷ്ടപ്പെടുകയെന്ന അസ്വാതന്ത്ര്യമനുഭവിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രതിസന്ധിയിലൂടെ മാത്രമല്ല വിടുതലൈ കടന്നുപോവുന്നത്, ഭരണകൂട മെഷിനറികളുടെ നീതിബോധം അതില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ നീതിബോധവുമായി എങ്ങനെ വൈരുധ്യത്തില്‍ വരുന്നെന്നും സിനിമ ദൃശ്യവല്‍ക്കരിക്കുന്നു.

വനമേഖലയില്‍ അനുവദിക്കപ്പെട്ട ഖനി പ്രദേശവാസികളാല്‍ ചെറുക്കപ്പെടുന്നു. പ്രദേശവാസികളെ നേരിടാന്‍ വന്‍ പോലീസ് സന്നാഹം പ്രദേശത്ത് വിന്യസിക്കപ്പെടുന്നു. അങ്ങനെ അവിടെ എത്തപ്പെടുന്ന ഒരു പോലീസ് ഡ്രൈവറുടെ അന്തസംഘര്‍ഷങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. സാധാരണ മനുഷ്യന്റെ നൈസര്‍ഗിക നീതി ബോധമാണ് പോലീസ് ഡ്രൈവറെ നയിക്കുന്നത്. ജനങ്ങളെ സേവിക്കലാണ് പോലീസുകാരന്റെ ധര്‍മമെന്ന് അയാള്‍ എങ്ങിനെയോ ധരിച്ച് വശായിപ്പോയിരുന്നു.

പുതിയ ഉത്തരവാദിത്വ കാലത്തെ ചുരുങ്ങിയ അനുഭവങ്ങളില്‍നിന്ന് പോലീസിനെ ചിട്ടപ്പെടുത്തിയിരിക്കുന്ന നീതി സങ്കല്‍പ്പത്തെ സംബന്ധിച്ച യഥാര്‍ഥ ധാരണ അയാള്‍ ആര്‍ജിക്കുന്നുണ്ട്. എന്നാല്‍ തന്റെ വ്യക്തിത്വത്തെ അടിയറവയ്ക്കാന്‍ പോലീസ് കോണ്‍സ്റ്റബിള്‍ കുമരേശന്‍ തയ്യാറാവുന്നില്ല. അയാള്‍ ഉടനീളം തനിക്ക് മേലുള്ള അധികാരത്തിന്റെ അധീശത്വത്തിനെതിരെ പോരടിക്കുന്നു. ഖനിക്കെതിരായുള്ള ജനങ്ങളുടെ പോരാട്ടത്തേക്കാള്‍ ശക്തമായ പ്രാധാന്യത്തോടെയാണ് പോലീസ് സംവിധാനങ്ങള്‍ക്കെതിരെ കുമരേശന്‍ നടത്തുന്ന ഒറ്റയാന്‍ പോരാട്ടത്തെ സിനിമ അവതരിപ്പിക്കുന്നത്. അതൊരു പോരായ്മയായി പറയപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ പോരാട്ടങ്ങളിലൂടെ കഥ പറയാനാണ് രണ്ടാം ഭാഗം ഉദ്ദേശിക്കുന്നത് എന്ന് വ്യംഗ്യമായി സൂചിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

സാങ്കേതികമായി സിനിമ മികച്ചുനില്‍ക്കുന്നുണ്ടെങ്കിലും തുടക്കത്തിലെ ട്രെയിന്‍ അട്ടിമറിയും അവസാനത്തെ പോലീസ് ആക്ഷനും ഒരല്‍പ്പം നീണ്ടുപോയോ എന്ന ചോദ്യം സിനിമ അവശേഷിപ്പിക്കുന്നുണ്ട്. നാടകീയത ചോര്‍ന്നുപോയോ എന്ന ആശങ്കയും പങ്കുവയ്ക്കപ്പെട്ടതായി കണ്ടു. ഇതിലെല്ലാം ഉപരി പോരാട്ടങ്ങളെ കേന്ദ്രബിന്ദുവാക്കുന്ന ഒരു സിനിമ പുതുതലമുറയുടെ മനസ്സിനെ എത്രത്തോളം അലട്ടുമെന്ന വ്യഥയും സിനിമ കണ്ടിറങ്ങിയ ചിലര്‍ പങ്കുവയ്ക്കുകയുണ്ടായി. സിനിമയുടെ ഉള്ളടക്കം ഒറ്റപ്പെട്ട പോരാട്ടത്തിന്റെ കാലഹരണപ്പെട്ട പാതയിലേക്ക് പുതുതലമുറയെ ആട്ടിയോടിക്കുമെന്നും കൂട്ടായ ജനകീയ പോരാട്ടമെന്ന ആധുനിക സങ്കല്‍പ്പത്തെ നിരാകരിക്കുന്നെന്ന വാദവുമുണ്ട്. സാധുവാണ് എല്ലാ വാദങ്ങളും.

സിനിമ ഒരു ഉല്ലാസ ഉപാധിയായി മാറുന്ന കാലത്ത് സമൂഹത്തിലേക്ക് കണ്ണും കാതും തുറന്ന് വയ്ക്കാനും മനുഷ്യന്റെ യാതനകളെ തിരിച്ചറിയാനും കാഴ്ചക്കാരനോട് ആവശ്യപ്പെടുന്ന സിനിമയാണ് വിടുതലൈ. സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഏതൊരാളും കാണേണ്ട സിനിമതന്നെയാണിത്. സ്വാതന്ത്ര്യത്തിലേക്കുള്ള മാര്‍ഗത്തെ സംബന്ധിച്ച് വ്യത്യസ്തമായ ധാരണകള്‍ ഉണ്ടെന്നു മനസ്സിലാക്കൽ കാഴ്ചക്കാരനില്‍ ജനിപ്പിക്കാന്‍ ഈ സിനിമാ കാഴ്ച സഹായിക്കുമെന്ന് തോന്നുന്നു. അത് പോലും മുന്നോട്ടുള്ള ഒരു ചുവടുവയ്പു തന്നെയാണ് ഇന്ന്.

\