കെയ്‌റോ: ഈജിപ്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓർഡർ ഓഫ് നൈൽ’ നൽകി ആദരിച്ചു. പ്രസിഡന്റ് അബ്ദുൽ ഫത്ത അൽസിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്.
|
26 വർഷത്തിന് ശേഷം ഈജിപ്ത് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ചയാണ് അദ്ദേഹം ഈജ്പിതിൽ എത്തിയത്. പ്രസിഡന്റ് സിസിയുമായി നടത്തിയ ചർച്ചയിൽ, വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ധാരണയായി.
കെയ്‌റോയിലെ പ്രസിദ്ധമായ അല്‍ഹക്കിം മസ്ജിദും മോദി സന്ദര്‍ശിച്ചു. ഗുജറാത്തിലെ ദാവൂദി ബോറ സമൂഹത്തിന്റെ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയ പള്ളിയാണ് അല്‍ഹക്കിം മസ്ജിദ്. ഗുജറാത്ത് ഭരിക്കുമ്പോള്‍ മോദിക്ക് ഏറെ സഹായങ്ങള്‍ നല്‍കിയിട്ടുള്ളവരാണ് ബോറ വിഭാഗം മുസ്ലിംകള്‍. അതുകൊണ്ടുതന്നെ അവരുമായി അടുപ്പമുള്ള പള്ളി പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നതിന് ഏറെ പ്രാധാന്യം കൈവരുന്നത്. പള്ളി ഇമാം മോദിയെ ആദരിക്കുകയും ചെയ്തു.
ശനിയാഴ്ച കയ്‌റോയിൽ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രസിഡന്റുമായുള്ള ചർച്ചയ്ക്ക് ശേഷം, ഈജിപ്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.


