അബൂദബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‌ലിന്റെ അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലൂടെയുള്ള പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (ഐപിഒ) ലഭിച്ചത് 3,700 കോടി ഡോളറിന്റെ (3.11 ലക്ഷം കോടി രൂപ) ഡിമാന്‍ഡ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ യുഎഇയില്‍ സര്‍ക്കാര്‍ ഇതര സ്ഥാപനത്തിന് ഐപിഒയില്‍ ലഭിക്കുന്ന ഏറ്റവും വമ്പന്‍ ഡിമാന്‍ഡ് എന്ന റെക്കോഡും നവംബര്‍ 5ന് സമാപിച്ച ഐപിഒയിലൂടെ ലുലു സ്വന്തമാക്കി.
|
82,000ല്‍ അധികം ചെറുകിട നിക്ഷേപകരാണ് ലുലുവിന്റെ ഓഹരികള്‍ക്കായി അപേക്ഷിച്ചത്. ഉയര്‍ന്ന പ്രൈസ്ബാന്‍ഡായ 2.04 ദിര്‍ഹം ആണ് ലുലു റീറ്റെയ്ല്‍ ഓഹരിക്ക് അന്തിമവില. ആകെ 172 കോടി ഡോളറാണ് (14,500 കോടി രൂപ) ലുലു റീറ്റെയ്ല്‍ സമാഹരിക്കുന്നത്. നേരത്തെ 25% ഓഹരികള്‍ (258.2 കോടി ഓഹരികള്‍) ഐപിഒയിലൂടെ വില്‍ക്കാനായിരുന്നു ലുലുവിന്റെ തീരുമാനം. എന്നാല്‍, അഭൂതപൂര്‍വമായ പ്രതികരണം ലഭിച്ചതോടെ വില്‍പന 5 ശതമാനം (5.16 കോടി ഓഹരികള്‍)കൂടി വര്‍ധിപ്പിച്ച് 30 ശതമാനമാക്കി (310 കോടി ഓഹരികള്‍) മാറ്റുകയായിരുന്നു ഐപിഒ.
ഓഹരി ഒന്നിന് 2.04 ദിര്‍ഹം കണക്കാക്കിയാല്‍ ലുലു റീറ്റെയ്‌ലിന് 574 കോടി ഡോളര്‍ വിപണിമൂല്യമാണ് കണക്കാക്കുന്നത്. യോഗ്യരായ നിക്ഷേപസ്ഥാപനങ്ങളില്‍ നിന്ന് 100 കോടി ദിര്‍ഹത്തിന്റെ നിക്ഷേപ വാഗ്ദാനമാണ് ലുലു ഐപിഒയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി മാത്രം 10 കോടി ഡോളര്‍ നിക്ഷേപിക്കും.
സൗദിയിലെ മസാറ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, അബൂദബി പെന്‍ഷന്‍ ഫണ്ട്, ബഹ്‌റൈന്റെ മുമ്തലാകാത് ഹോള്‍ഡിങ് കമ്പനി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവയാണ് മറ്റ് നിക്ഷേപസ്ഥാപനങ്ങള്‍. നവംബര്‍ 14നാണ് അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലുലു റീറ്റെയ്ല്‍ ഓഹരികളുടെ ലിസ്റ്റിങ്. എഡിഎക്‌സില്‍ ലിസ്റ്റ് ചെയ്യുന്ന 100-ാമത്തെ കമ്പനിയെന്ന നേട്ടവും ലുലുവിന് സ്വന്തമാകും. അര്‍ഹരായ നിക്ഷേപകര്‍ക്ക് നവംബര്‍ 12ന് എസ്എംഎസ് ആയി അലോട്ട്‌മെന്റ് സന്ദേശം ലഭിക്കും. ഓഹരികള്‍ ലഭിക്കാത്തവര്‍ക്ക് നവംബര്‍ 13ന് ആണ് റീഫണ്ട് ലഭിക്കുക.
യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടുന്ന ജിസിസി മേഖലയില്‍ അഞ്ചു വര്‍ഷത്തിനകം 100 ഹൈപ്പര്‍മാക്കറ്റുകള്‍ കൂടി തുറക്കാന്‍ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. നിലവില്‍ ജിസിസിയില്‍ 240 സ്റ്റോറുകളും 50,000ലേറെ ജീവനക്കാരും ലുലുവിനുണ്ട്.
READ ALSO: ലുലു ഐപിഒയ്ക്ക് തുടക്കമായി; ഒരുമണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്ന് ലുലു ഓഹരികള്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





