02
Sep 2023
Wed
02 Sep 2023 Wed

ന്യൂഡല്‍ഹി: ഗണേശ ചതുര്‍ഥി ദിനത്തില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കും. ഈ മാസം 18ന് പഴയ മന്ദിരത്തില്‍ സമ്മേളനം തുടങ്ങി സെപ്റ്റംബര്‍ 19 ഗണേശ ചതുര്‍ഥി ദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനാണ് തീരുമാനം. ഈ സമ്മേളനം പഴയ പാര്‍ലമെന്റിലെ അവസാന സമ്മേളനം ആയിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സമ്മേളനത്തോടെ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുതിയ മന്ദിരത്തിലേക്ക് മാറും. കൂടാതെ രാജ്യത്തിന്റെ പുതിയ പേര് മാറ്റവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അതിന്റെ തീരുമാനം ഉണ്ടാവുന്നതും പുതിയ സഭയിലാകും. രാജ്യത്തിന്റെ പേര് ഔദ്യോഗികമായി ഇന്ത്യ എന്നത് ഭാരതം എന്നാക്കുന്നതിനുള്ള ഭേദഗതി പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ എന്താണെന്നതില്‍ വ്യക്തയില്ല. മധ്യപ്രദേശും രാജസ്ഥാനും ഉള്‍പ്പെടെ 5 നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രത്യേക സമ്മേളനം വിളിക്കുന്നത്.

ഇതിനിടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഒമ്പത് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുകയും വരാനിരിക്കുന്ന സമ്മേളനത്തില്‍ അവ ചര്‍ച്ചചെയ്യാന്‍ സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.