യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നും മാറാട് കലാപം ആവര്‍ത്തിക്കുമെന്നുമുള്ള എ കെ ബാലന്റെ പ്രസ്താവനയില്‍ പ്രതിഷേധം ഉയരുന്നതിനിടെ ഈ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലന് സംസാരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുന്‍കാല അനുഭവങ്ങള്‍ വച്ച് നോക്കുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണ്. ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാര്‍ഥ്യമാണ് ബാലന് ഓര്‍മിപ്പിച്ചത്.
|
മാറാട് കലാപശേഷം ഇവിടം സന്ദര്‍ശിച്ച അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ആര്‍എസ്എസിന്റെ എതിര്‍പ്പ് ഭയന്ന് പി കെ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടിയില്ല. അന്ന് താന്‍ മാറാട് സന്ദര്‍ശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യുഡിഎഫ് വര്‍ഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എ കെ ബാലന്റെ നിരീക്ഷണത്തില്‍ തെറ്റില്ലെന്നും പിണറായി വിജയന് പറഞ്ഞു.





