കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ യൂനിറ്റ് ഭാരവാഹിയുമായിരുന്ന എ അഭിമന്യു കൊല്ലപ്പെട്ട കേസിലെ നഷ്ടപ്പെട്ട 11 നിര്‍ണായക രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി. അതേസമയം പുനര്‍നിര്‍മിച്ച രേഖകള്‍ ഹാജരാക്കുന്നത് പ്രതിഭാഗം എതിര്‍ത്തു. എന്നാല്‍ ഇതു കോടതി അനുവദിച്ചില്ല. നേരത്തെ ലഭിച്ച രേഖകളില്‍നിന്ന് എന്തെങ്കിലും വ്യത്യാസം പുതുതായി സമര്‍പ്പിക്കുന്ന പകര്‍പ്പുകള്‍ക്കുണ്ടെങ്കില്‍ അക്കാര്യം ഉന്നയിക്കാമെന്ന് കോടതി പ്രതിഭാഗം അഭിഭാഷകനെ അറിയിച്ചു. വ്യക്തമാക്കി. കേസ് വീണ്ടും ഈ മാസം 25നു പരിഗണിക്കും.(prosecution submits copies of missing documents related to abhimanyu murder )
|
വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ 2018 ജൂണ്‍ ഒന്നിനാണ് അഭിമന്യു കുത്തേറ്റുമരിക്കുന്നത്. കാംപസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കേസിലെ വിചാരണാ നടപടികള്‍ തുടങ്ങാനിരിക്കെയാണ് വിചാരണകോടതിയില്‍ നിന്ന് 5000 പേജുള്ള കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്, സാക്ഷികളുടെയും പ്രതികളുടെയും മൊഴികള്‍ തുടങ്ങിയ
പ്രധാനപ്പെട്ട 11 രേഖകള്‍ കാണാതായത്. 2019ലാണ് കേസിലെ രേഖകള്‍ നഷ്ടമായതെന്നും ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതെന്നുമാണ് കോടതിയുടെ വിശദീകരണം. തുടര്‍ന്ന് രേഖകള്‍ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.


