ദോഹ: ഈ വര്‍ഷാവസാനം ഖത്തര്‍ വേദിയാകുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തിയ്യതി ഫിഫ പ്രഖ്യാപിച്ചു. (Qatar is hosting another FIFA World Cup this year.) ഫിഫ അണ്ടര്‍ 17 ലോക കപ്പിനും ഫിഫ അറബ് കപ്പിനുമാണ് ഖത്തര്‍ വേദിയാകുന്നത്.
|
ഫിഫ അണ്ടര്‍ 17 ലോകകപ്പ് നവംബര്‍ മൂന്നു മുതല്‍ 27 വരെയാണ് നടക്കുക. ഫിഫ അറബ് കപ്പ് 2025 ഡിസംബര്‍ ഒന്നിന് ആരംഭിക്കും. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18നാണ് ഫൈനല്‍.
ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തിയ്യതികള്‍ സ്ഥിരീകരിച്ചത്. അറബ് ലോകത്തെ 16 ടീമുകളാണ് അറബ് കപ്പില്‍ മത്സരിക്കുക. അറബ് കപ്പ് 2021ല്‍ വിജയകരമായി നടത്തിയതാണ് രണ്ടാം തവണയും ഖത്തറിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചത്.
25 ദിവസത്തിനുള്ളില്‍ 104 മത്സരങ്ങള്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 ആയിരിക്കും 48 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ടൂര്‍ണമെന്റ്. ഏതൊക്കെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുകയെന്നും ടിക്കറ്റ് വില്‍പ്പനയേയും കുറിച്ചുള്ള വിവരങ്ങള്‍ അതാത് സമയങ്ങളില്‍ അറിയിക്കും.
ഫുട്‌ബോളിലെ ഏറ്റവും മികച്ച ചില കളിക്കാരുടെ കരിയറിനു തുടക്കം കുറിക്കുന്ന യൂത്ത് ടൂര്‍ണമെന്റ് കളിയിലെ അടുത്ത തിളങ്ങുന്ന താരം ആരായിരിക്കുമെന്ന ശ്രദ്ധ ക്ഷണിക്കലുമാകും. 1991ലെ പതിപ്പില്‍ നാലാം സ്ഥാനം നേടിയ ആതിഥേയ ഖത്തര്‍ മികച്ച നേട്ടത്തിനാണ് ശ്രമം നടത്തുക.
2021ല്‍ ഖത്തറില്‍ നടന്ന ഫിഫ അറബ് കപ്പ് വന്‍ വിജയമായിരുന്നു. ഖത്തര്‍ ലോകകപ്പ് 2022 സ്റ്റേഡിയങ്ങളിലൊന്നായ അല്‍ഖോറിലെ അല്‍ ബയ്ത്ത് സ്റ്റേഡിയത്തിലാണ് 2021 ഡിസംബര്‍ 18ന് അറബ് കപ്പ് ഫൈനല്‍ അരങ്ങേറിയത്.
മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തുണീഷ്യയെ പരാജയപ്പെടുത്തി അല്‍ജീരിയയാണ് കപ്പില്‍ മുത്തമിട്ടത്.
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025ന് പുറമേ ടൂര്‍ണമെന്റിന്റെ 2029, 2033 പതിപ്പുകള്‍ക്കും ഖത്തര്‍ ആതിഥേയത്വം വഹിക്കും. തുടര്‍ച്ചയായ അഞ്ച് ഫിഫ അണ്ടര്‍ 17 ലോകകപ്പ് പതിപ്പുകളും ഇതോടൊപ്പം നടക്കും.


