ആത്മഹത്യ ചെയ്യാന്‍ കാത്തുനിന്ന 24കാരനെ കുതിച്ചെത്തിയ ട്രെയിനു മുന്നില്‍ നിന്ന് രക്ഷിച്ച് പോലീസുകാരന്‍. ഹരിപ്പാട് പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ നിഷാദ് ആണ് അവസരോചിത ഇടപെടലിലൂടെ യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെയാണ് സംഭവം.
|
24കാരനെ കാണാനില്ലെന്ന വിവരം പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. യുവാവിനെക്കുറിച്ച് തിരക്കാന്‍ നിഷാദിന് നിര്‍ദേശം കിട്ടി. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ അഞ്ചുകിലോമീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനു സമീപമാണെന്നു കണ്ടെത്തി. തുടര്‍ന്നു പരിശോധിക്കുമ്പോഴും ലൊക്കേഷന്‍ മാറ്റമില്ലാതെ തുടര്‍ന്നതോടെ നിഷാദ് ഉടന്‍ തന്നെ ഇവിടേക്ക് ബൈക്കില്‍ പുറപ്പെട്ടു.
ഗേറ്റ് കീപ്പറോട് ട്രെയിന്‍ അടുത്ത സ്‌റ്റേഷനില്‍ നിര്‍ത്തിക്കാന്‍ മാര്‍ഗമുണ്ടോ എന്നു ചോദിച്ചെങ്കിലും ഇതിനകം പുറപ്പെട്ടെന്നായിരുന്നു മറുപടി. കാണാതായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്കിനടുത്ത് കാണിക്കുന്നെന്ന് ഗേറ്റ് കീപ്പറോട് പറഞ്ഞതോടെ ഒരു പയ്യന്‍ ട്രാക്കിനടുത്ത് നില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഇതോടെ പോലീസുകാരന്‍ ഓടി യുവാവിന്റെ സമീപമെത്തി.
അപ്പോഴേക്കും ട്രെയിന്‍ കുതിച്ചെത്തിയിരുന്നു. ടാ ചാടല്ലേടാ പ്ലീസ് എന്ന് അലറിവിളിച്ചാണ് നിഷാദ് യുവാവിന്റെ അരികിലെത്തിയത്. നിഷാദ് എത്താന്‍ അല്‍പ്പം വൈകിയിരുന്നെങ്കില്‍ യുവാവ് ട്രെയിനിനു മുന്നിലേക്ക് എടുത്തുചാടുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സഹിതം കേരള പോലീസ് ആണ് വിവരം പുറംലോകത്തെ അറിയിച്ചത്.


