18
Aug 2025
Thu
18 Aug 2025 Thu
Roblox

ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ റോബ്ലോക്‌സിന് ഖത്തര്‍ നിരോധനം ഏര്‍പ്പെടുത്തി. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയ വഴി നിരവധി പേര്‍ അധികൃതരോട് നടപടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും റോബ്ലോക്‌സ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെങ്കിലും, ഖത്തറിലെ കളിക്കാര്‍ക്ക് ഹോം സ്‌ക്രീനിനപ്പുറം മുന്നോട്ട് പോകാനാവുന്നില്ല. ‘നെറ്റ്വര്‍ക്ക് ഇല്ല’ എന്ന സന്ദേശമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഗെയിമിന്റെ വെബ് പതിപ്പും ലഭ്യമല്ല.

എന്നാല്‍, ഖത്തര്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ച് നിരോധനം സ്ഥിരീകരിച്ചിട്ടില്ല. റോബ്ലോക്സ് നിരോധനത്തെ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ പ്രശംസിച്ചു. ഈ ഗെയിമിങ് പ്ലാറ്റ്ഫോം രാജ്യത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും എതിരാണെന്നും കുട്ടികള്‍ക്ക് സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വെര്‍ച്വല്‍ ലോകങ്ങള്‍ സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന റോബ്ലോക്‌സ്, അനുചിതമായ ഉള്ളടക്കവും കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാധ്യതയും കാരണം മാതാപിതാക്കളുടെയും ഓണ്‍ലൈന്‍ സുരക്ഷാ വക്താക്കളുടെയും വിമര്‍ശനത്തിന് വിഷയമായിട്ടുണ്ട്. ചൈന, തുര്‍ക്കി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ തന്നെ ഈ പ്ലാറ്റ്ഫോമിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റോബ്ലോക്‌സില്‍ എന്താണ് ചെയ്യാവുന്നത്?
roblox online game

-ഗെയിമുകള്‍ കളിക്കുക: ഇഷ്ടമുള്ള വിഭാഗത്തിലുള്ള ഗെയിമുകള്‍ കണ്ടെത്തി കളിക്കാം.

-ഗെയിമുകള്‍ സൃഷ്ടിക്കുക: സ്വന്തം ഗെയിമുകള്‍ സൃഷ്ടിക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യാം.

-മറ്റുള്ളവരുമായി ചാറ്റ് ചെയ്യുക: ഗെയിമുകള്‍ കളിക്കുന്ന സമയത്ത് മറ്റുള്ളവരുമായി ചാറ്റ് ചെയ്യുകയും സുഹൃത്തുക്കളെ ഉണ്ടാക്കുകയും ചെയ്യാം.

-ഔട്ഫിറ്റ്, അവതാര്‍ എന്നിവ സൃഷ്ടിക്കുക: വസ്ത്രങ്ങളും അവതാറുകളെയും സൃഷ്ടിക്കാം.

-റോബക്‌സ് എന്ന ഡിജിറ്റല്‍ കറന്‍സി ഉപയോഗിച്ച് ഗെയിമുകളിലെ വസ്തുക്കള്‍ വാങ്ങാം.