മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണം ബിജെപിയുടെ ഭാവനാ സൃഷ്ടിയെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു. (Role of PFI in Suhas murder case) സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണം എന്‍ഐഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ബിജെപി കര്‍ണാടക സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
|
പോലീസ് അന്വേഷണത്തില്‍ തുമ്പില്ലാതിരിക്കുകയോ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുമ്പോഴാണ് എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയുള്ളതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, പോലീസ് എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുകയും കൊലയ്ക്ക് പിന്നിലെ പ്രേരണ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. സിബിഐ പോലും പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോള്‍ ഇക്കാര്യത്തില്‍ പോലീസിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ വന്‍ഗൂഡാലോചനയുണ്ടെന്നും പോപ്പുലര്‍ പ്രണ്ടിന് പങ്കുണ്ടെന്നുമുള്ള ബിജെപിയുടെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.
”ബിജെപിയുടെ ഭാവനാ സൃഷ്ടിക്ക് സര്‍ക്കാരിന് മറുപടി പറയാന്‍ സാധിക്കില്ല. ബിജെപിയുടെ കൈയില്‍ അത് സംബന്ധമായി എന്തെങ്കിലും വിവരങ്ങളോ തെളിവോ ഉണ്ടെങ്കില്‍ അവര്‍ സര്‍ക്കാരിന് കൈമാറട്ടെ. പോലീസ് തീര്‍ച്ചയായും നടപടി സ്വീകരിക്കും”


