മുംബൈ: സെയ്ഫ് അലി ഖാന്‍ (Saif Ali Khan) പ്രധാന വേഷത്തിലെത്തിയ കോപ്പ് ഡ്രാമ (cop drama) ചിത്രം ‘കര്‍ത്തവ്യ'(Kartavya ) പോസിറ്റീവ് പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തില്‍ സെയ്ഫിനൊപ്പം തന്നെ പ്രേക്ഷകരുടെ വലിയ രീതിയിലുള്ള പ്രശംസ ഏറ്റുവാങ്ങുന്ന മറ്റൊരു താരമാണ് ഹര്‍പാല്‍ എന്ന കൗമാരക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ച യുധ് വീര്‍ അഹ്ലാവത് (Yudhvir Ahlawat). എന്നാല്‍, സ്‌ക്രീനില്‍ ഒരു കൗമാരക്കാരനായി തിളങ്ങിയ ഈ നടന്റെ യഥാര്‍ത്ഥ പ്രായം 33 ആണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. പ്രേക്ഷകര്‍ മാത്രമല്ല, സഹനടന്‍ സെയ്ഫ് അലി ഖാന്‍ പോലും യുധ് വീറിന് പ്രായം വളരെ കുറവാണെന്നാണ് കരുതിയിരുന്നത്.
|
ചിത്രത്തിന്റെ റിലീസിന് ശേഷം ലഭിക്കുന്ന മികച്ച പ്രതികരണങ്ങളെക്കുറിച്ച് യുധ് വീര്‍ മനസ്സ് തുറന്നു. ആളുകള്‍ തനിക്ക് വലിയ രീതിയില്‍ സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്നും വര്‍ഷങ്ങളായി താന്‍ കാത്തിരുന്ന ദിവസമാണിതെന്നും താരം പറഞ്ഞു.
തന്റെ പ്രായത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സെയ്ഫ് അലി ഖാന്‍ കാണിച്ച അമ്പരപ്പിനെക്കുറിച്ചും യുധ് വീര്‍ പങ്കുവെച്ചു: ‘ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സെയ്ഫ് സര്‍ എന്നെ ഒരുപാട് പുകഴ്ത്തി സംസാരിച്ചു. ഹര്‍പാല്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ടെന്നും, സെറ്റില്‍ വെച്ച് താന്‍ അവനെ ഒരു 16 വയസ്സുകാരനെപ്പോലെയാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് ചിത്രത്തിന്റെ സംവിധായകന്‍ പുല്‍കിത് സര്‍ ആണ് എനിക്ക് 33 വയസ്സുണ്ടെന്ന കാര്യം അദ്ദേഹത്തോട് പറയുന്നത്. അത് കേട്ട് സെയ്ഫ് സര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.’
ALSO READ: ജോട്ടാ നീയിത് കാണുന്നുണ്ടെന്നറിയാം; പ്രിയപ്പെട്ടവന് കണ്ണീരോടെ ആദരമര്‍പ്പിച്ച് റൊണാള്‍ഡോയും ടീമും
തുടക്കത്തില്‍ സെറ്റിലുള്ള എല്ലാവരും തന്നെയൊരു ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനെപ്പോലെയാണ് പരിഗണിച്ചിരുന്നതെന്നും, എന്നാല്‍ സംവിധായകന്‍ തന്റെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തിയതോടെ സഞ്ജയ് മിശ്ര ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഒരു മുതിര്‍ന്ന നടനെപ്പോലെ തന്നെ പരിഗണിക്കാന്‍ തുടങ്ങിയെന്നും യുധ് വീര്‍ ചിരിയോടെ ഓര്‍ക്കുന്നു.
‘ഭക്ഷക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പുല്‍കിത് സംവിധാനവും രചനയും നിര്‍വ്വഹിച്ച ‘കര്‍ത്തവ്യ’യില്‍ സെയ്ഫ് അലി ഖാനെ കൂടാതെ രസിക ദുഗല്‍, സഞ്ജയ് മിശ്ര, സാക്കിര്‍ ഹുസൈന്‍, മനീഷ് ചൗധരി, സൗരഭ് ദ്വിവേദി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ആരാണ് യുധ് വീര്‍ അഹ്ലാവത്?
‘കര്‍ത്തവ്യ’യ്ക്ക് മുന്‍പും പല പ്രമുഖ ബോളിവുഡ് ചിത്രങ്ങളിലും യുധ് വീര്‍ സഹനടനായി വേഷമിട്ടിട്ടുണ്ട്. താപ്‌സി പന്നുവും ഭൂമി പെഡ്‌നേക്കറും പ്രധാന വേഷങ്ങളിലെത്തിയ ‘സാന്ദ് കി ആംഖ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് രണ്‍ബീര്‍ കപൂറിന്റെ ‘ഷംഷേര’, ബോബി ഡിയോളിന്റെ ‘ലവ് ഹോസ്റ്റല്‍’ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.
കാഴ്ചയില്‍ വളരെ പ്രായം കുറവായി തോന്നുമെങ്കിലും അഭിനയരംഗത്ത് യുധ് വീര്‍ ഒരു തുടക്കക്കാരനല്ല. ഒരു പതിറ്റാണ്ടോളമായി തീയേറ്റര്‍ നാടകങ്ങളില്‍ സജീവമായ അദ്ദേഹം, പ്രശസ്ത സംവിധായകന്‍ ഫിറോസ് അബ്ബാസ് ഖാന്റെ ‘മുഗള്‍-ഇ-ആസം: ദി മ്യൂസിക്കല്‍’ എന്ന വലിയ സ്റ്റേജ് പ്രൊഡക്ഷന്റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും നിരവധി വേദികളില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്.
Saif Ali Khan was shocked to learn Yudhvir Ahlawat was 33



