03
Jul 2026
Fri
03 Jul 2026 Fri
Cristiano Ronaldo wears a shirt in commemoration of late teammate Diogo Jota

Diogo Jota ടൊറന്റോ: ഫിഫ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ ആവേശ വിജയത്തിന് പിന്നാലെ, അന്തരിച്ച മുന്‍ സഹതാരം ഡീഗോ ജോട്ടയ്ക്ക് വൈകാരിക ആദരമര്‍പ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗല്‍ ടീമും. ടൊറന്റോയില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷമായിരുന്നു ഈ വികാരനിര്‍ഭരമായ രംഗങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തില്‍ പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കളി അവസാനിച്ചതിന് പിന്നാലെ ജോട്ടയുടെ 21-ാം നമ്പര്‍ പോര്‍ച്ചുഗല്‍ ജേഴ്‌സി ധരിച്ചാണ് മൈതാനത്ത് നിന്നത്. സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ കണ്ണീരണിഞ്ഞ റൊണാള്‍ഡോ ജേഴ്‌സിയില്‍ തൊട്ട് ആകാശത്തേക്ക് വിരല്‍ ചൂണ്ടി ജോട്ടയെ അനുസ്മരിച്ചു.

പടിഞ്ഞാറന്‍ സ്‌പെയിനിലുണ്ടായ ഒരു വാഹനാപകടത്തില്‍ ജോട്ടയും അദ്ദേഹത്തിന്റെ സഹോദരന്‍ ആന്‍ഡ്രേ സില്‍വയും മരണപ്പെട്ടിട്ട് വെള്ളിയാഴ്ച കൃത്യം ഒരു വര്‍ഷം തികയുകയാണ്. പോര്‍ച്ചുഗലിനായി 49 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ ജോട്ട 14 ഗോളുകള്‍ നേടിയിട്ടുണ്ട്.

‘മത്സരത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ക്കിത് സവിശേഷമായ ഒരു നിമിഷമായിരുന്നു,’ റൊണാള്‍ഡോ ഫോക്‌സ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു. ‘ജീവിതത്തിലെ ചില യാദൃശ്ചികതകളെക്കുറിച്ച് ഇന്ന് ഞങ്ങള്‍ ടീമില്‍ സംസാരിച്ചിരുന്നു. ഇത് വിശ്വസിക്കാനാകാത്തതാണ്. ഈ വിജയം ഞങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥവത്തായ ഒന്നാണ്. ജയം മാത്രമല്ല, അത് നേടിയെടുത്ത രീതിയും സവിശേഷമാണ്. അദ്ദേഹം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അദ്ദേഹത്തെ ഏറ്റവും മികച്ച രീതിയില്‍ ആദരിക്കാന്‍ ഇന്ന് വിജയിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ALSO READ: വീണ്ടും അവസാന നിമിഷ വാര്‍ ഡ്രാമ; ക്രൊയേഷ്യയെ തകര്‍ത്ത് പറങ്കിപ്പട

മത്സരത്തില്‍ ക്രോയേഷ്യയുടെ ഇവാന്‍ പെരിസിച്ച് ആദ്യ ഗോള്‍ നേടി മുന്നിലെത്തിയെങ്കിലും, 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില സമ്മാനിച്ചു. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ റൊണാള്‍ഡോ നേടുന്ന ആദ്യ ഗോളാണിത്. കൂടാതെ, 41 വയസ്സും 147 ദിവസവും പ്രായമുള്ള റൊണാള്‍ഡോ, പുരുഷ ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ഇതോടെ സ്വന്തമാക്കി.

തുടര്‍ന്ന് ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസാണ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്. ‘ജോട്ട ഞങ്ങള്‍ക്ക് എന്നും കരുത്താണ്. ഈ വിജയം അദ്ദേഹത്തിനുള്ളതാണ്,’ റാമോസ് മത്സരശേഷം വ്യക്തമാക്കി. കളിയുടെ അവസാന നിമിഷങ്ങളില്‍ മാരിയോ പസാലിച്ചിലൂടെ ക്രോയേഷ്യ സമനില ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും, വാര്‍ (VAR) പരിശോധനയില്‍ ഓഫ്സൈഡ് വിധിച്ചതോടെ മത്സരം നാടകീയമായി അവസാനിക്കുകയായിരുന്നു.

ഫിഫ ലോകകപ്പിനായി എല്ലാ ടീമുകളും 26 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ ജോട്ടയെ കൂടി ഉള്‍പ്പെടുത്തി. ഈ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. അവന്റെ ആത്മാവ് എന്നും ഞങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നായിരുന്നു ടീം പ്രഖ്യാപിച്ച് മാര്‍ട്ടിനെസ് പറഞ്ഞത്. ടീമിന്റെ വഴികാട്ടിയും കാവല്‍ മാലാഖയും ജോട്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണില്‍ പോര്‍ച്ചുഗല്‍ ടീമിനൊപ്പം നേഷന്‍ കിരിടം നേടിയ ജോട്ട തൊട്ടുമുന്നിലെ സീസണില്‍ ലിവര്‍പൂളിനെ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു. മരിക്കുന്നതിന് 10 ദിവസം മുന്‍പ് മാത്രമായിരുന്നു ജോട്ട, ബാല്യകാല സുഹൃത്തും പ്രണയിനിയും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്തിനെ വിവാഹം കഴിച്ചത്.

ഡീഗോ ജോട്ടയുടെ ഓര്‍മ്മകള്‍ തങ്ങള്‍ക്ക് നല്‍കിയ അധിക ഊര്‍ജ്ജമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഫോര്‍വേഡ് റാഫേല്‍ ലിയാവോയും പ്രതികരിച്ചു. തിങ്കളാഴ്ച ടെക്‌സാസിലെ ആര്‍ലിംഗ്ടണില്‍ നടക്കുന്ന പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഇനി സ്‌പെയിനെ നേരിടും.

Portugal national football team tribute to Diogo Jota