29
Mar 2023
Wed
29 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: കൃഷ്ണമൃഗങ്ങളെ കൊന്നതിന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാവണമെന്നും ബതിന്ദാ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘ തലവന്‍ ലോറന്‍സ് ബിഷ്ണോയ്. ജയിലില്‍ നിന്ന് ഒരു ടിവി ചാനലുമായുള്ള സംഭാഷണത്തിനിടെയാണ് ബിഷ്ണോയ് ഭീഷണിയുമായി രംഗത്തെത്തിയത്.
കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ ബിഷ്ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നടനെതിരെ പ്രവര്‍ത്തിക്കുമെന്നും ബിഷ്ണോയ് പറഞ്ഞു. ‘കൃഷ്ണമൃഗത്തിന്റെ വിഷയത്തില്‍ കുട്ടിക്കാലം മുതല്‍ സല്‍മാനോട് എനിക്ക് ദേഷ്യമായിരുന്നു. എന്റെ സമുദായാംഗങ്ങള്‍ക്ക് അദ്ദേഹം പണം വാഗ്ദാനം ചെയ്തിരുന്നു’ ബിഷ്‌ണോയ് ആരോപിച്ചു.

1998ല്‍ ഒരു സിനിമയുടെ ചിത്രീകരണ വേളയില്‍ സല്‍മാന്‍ ഖാനും ഒപ്പം സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബേന്ദ്രെ എന്നിവരും ചേര്‍ന്ന് രാജസ്ഥാനിലെ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വെടിവെച്ച് കൊന്നിരുന്നു. ‘ഖാലിസ്ഥാന്‍ വേണമെന്ന് വാദിക്കുകയും രാജ്യത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ആളുകള്‍ക്ക് ഞങ്ങള്‍ എതിരാണ്. ഞാനും എന്റെ സംഘാംഗങ്ങളും തീവ്രവാദികളല്ല, ദേശീയവാദികളാണ്’ ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞു.

പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബിഷ്‌ണോയ് ജയിലില്‍ കഴിയുന്നത്. ‘എതിരാളികളെ പിന്തുണച്ചതിനാല്‍ മൂസ് വാലയോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു, പക്ഷേ കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല’ ബിഷ്‌ണോയ് വ്യക്തമാക്കി. ‘ഞാന്‍ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് കാനഡയില്‍ നിന്നുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ച് സിദ്ധു മൂസ്വാലയുടെ കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്’ ബിഷ്‌ണോയ് പറഞ്ഞു. ഗുണ്ടാസംഘ തലവനായിരുന്ന ആയിരുന്ന ഗോള്‍ഡി ബ്രാര്‍ ആണ് മൂസ് വാലയുടെ കൊലപാതകത്തിന് പിന്നില്‍. ബ്രാര്‍ ഈ കുറ്റം ഏറ്റെടുത്തിരുന്നു.