|
സൗദി ഇന്ത്യൻ ഇസ് ലാഹീ സെന്റർ വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന പ്രമേയത്തിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ സൗദി ദേശീയ തലത്തിൽ നടത്തുന്ന കാംപയിന്റെ ലോഗോ പ്രകാശനം മക്കയിൽ ഐഎസ്എം കേരള സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് നിർവഹിച്ചു. വിശ്വാസ വിശുദ്ധിയുടെ ലക്ഷ്യവും മാർഗവും വിശ്വവിമോചനത്തിന്റെ പ്രവാചകൻ കൃത്യമായി ലോകത്തിനു മുമ്പിൽ സമർപ്പിച്ചതാണ്. എന്നാൽ നിരീശ്വര നിർമിത പ്രത്യയശാസ്ത്രങ്ങളും അതിഭൗതിക വാദവും പുതു തലമുറയിലെ നിഷ്ക്കളങ്ക മനസ്സുകളിൽ ദൈവ നിഷേധത്തിന്റെ വിഷം കുത്തിവയ്ക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീ പുരുഷ തുല്യതയുടെ മറവിൽ ലൈംഗിക അരാജകത്വവും അധാർമികതയും സമൂഹത്തെ ഒന്നടങ്കം അധ:പതനത്തിലേക്ക് നയിക്കുന്നു. വളർന്നു വരുന്ന പുതുതലമുറയിൽ ലഹരിയുടെ ഉപയോഗം വ്യാപകമാവുന്നൂണ്ടെന്നും അതിനെതിരേ സമൂഹം ഒറ്റക്കെട്ടായി നിലനിൽക്കേണ്ട സമയമാണിതെന്നും കൃത്യമായ ബോധവൽക്കരണത്തിലൂടെ അവരെ മുഖ്യധാരയിലേക്ക് കൈപിടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ത്രൈമാസ കാംപയിനിൽ സൗദിയിലെ മുഴുവൻ ഇസ് ലാഹീ സെന്ററുകളും സിമ്പോസിയം, സെമിനാർ, കുടുംബസംഗമം, സ്റ്റുഡന്റസ് കോൺഫറൻസ് തുടങ്ങിയ പരിപാടികൾ നടത്തും. പരിപാടിയിൽ അഡ്വ. യൂനുസ് സലീം കോനാരി (സെക്രട്ടറി, എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ്), ഡോ. അബ്ദുറഹിമാൻ (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്), സ്വലാഹുദ്ദീൻ (അസി. പ്രഫസർ, തിരൂർ തുഞ്ചൻ കോളജ്), സൈഫുദ്ദീൻ (എംഡി, ഹാപ്പി കിഡ്സ്), ഡോ. അനീസ് (അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ), ആഷിഖ് പത്തനാപുരം, എന്നിവർ പങ്കെടുത്തു
സൗദി ഇന്ത്യൻ ഇസ് ലാഹീ സെന്റർ മക്ക പ്രസിഡന്റ് ബഷീർ മാമാങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. സുലൈമാൻ സ്വാഗതവും സലീം കാരക്കുന്നത് നന്ദിയും പറഞ്ഞു.



