21
Apr 2024
Fri
21 Apr 2024 Fri
abdul raheem death penalty

കോഴിക്കോട്: അബദ്ധത്തില്‍ പറ്റിയ പിഴവിന് വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മരണത്തിനും ജീവിതത്തിനുമിടയില്‍ മൂന്ന് നാള്‍ മാത്രം. സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന ആ മലയാളി ചെറുപ്പക്കാരനെ വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നല്‍കേണ്ടത് 34 കോടി രൂപ. ( save abdul raheem: saudi death penalty )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്നാല്‍, ഒരിക്കലും എത്തിപ്പിടിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ ആ ലക്ഷ്യം ലോകത്തെ മുഴുവന്‍ മലയാളികളും മറ്റു മനുഷ്യ സ്‌നേഹികളും കൈകോര്‍ത്തതോടെ അതിവേഗം ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്ക് പ്രകാരം പിരിഞ്ഞു കിട്ടിയത് 30 കോടി രൂപയാണ്. പണം സ്വരൂപിക്കാന്‍ സേവ് അബ്ദുറഹീം എന്ന ആപ്പില്‍ നോക്കിയാല്‍ ഓരോ നിമിഷവും ഈ തുക വര്‍ധിക്കുന്നത് കാണാം. ഈ വേഗതയില്‍ പോയാല്‍ നാളെ പുലരും മുമ്പ് തന്നെ ലക്ഷ്യം കൈവരിക്കാനാവും.
abdul raheem

വന്‍കിട മുതലാളിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ പങ്കുചേരുകയാണ്. ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം സംസ്ഥാനത്തെ മിക്ക പള്ളികളിലും അബ്ദുല്‍ റഹീമിന് വേണ്ടിയുള്ള പിരിവ് നടന്നു. വളരെ ഉദാരമായാണ് ആളുകള്‍ ഇതിലേക്ക് സഹായം നല്‍കുന്നത്. പല കുട്ടികളും പെരുന്നാള്‍ പണം ഇതിലേക്ക് മാറ്റി വച്ചു. മാസങ്ങളായി സ്വരൂപിച്ച സമ്പാദ്യകുടുക്ക പൊട്ടിച്ച് സഹായിച്ച കുരുന്നുകളുമുണ്ട്.

നമുക്കും കൈകോര്‍ക്കാം അബ്ദുറഹീമിനെ സഹായിക്കാന്‍:

താഴെ കാണുന്ന അക്കൗണ്ടിലേക്ക് നേരിട്ടോ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് വഴിയോ സഹായം നല്‍കാം

MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM

SAVE ABDUL RAHIM APP
https://play.google.com/store/apps/details?id=com.spine.bloodmoney

കേസില്‍ കഴിഞ്ഞ 16 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുകയാണ് കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം. 2006 നവംബറില്‍ 26ാം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിടുകയായിരുന്നുവത്രെ. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു.

പരിഭ്രാന്തനായ അബ്ദുറഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. പിടിച്ചുപറിക്കാര്‍ റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില്‍ ഇരുവരും ചേര്‍ന്ന് ഒരു കള്ളക്കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പോലീസ് എത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 10 വര്‍ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു.

വധശിക്ഷ വിധിക്കപ്പെട്ട അബ്ദുല്‍ റഹീം സൗദിയിലെ അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്. കുടുംബം നല്‍കിയ അപേക്ഷ പ്രകാരം റിയാദ് ഇന്ത്യന്‍ എംബസി സൗദി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് 15 ദശലക്ഷം റിയാല്‍(34 കോടി) നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് കുടുംബം അറിയിച്ചത്. തുടക്കത്തില്‍ അസാധ്യമെന്ന് തോന്നിയ ഈ തുക മലയാളികള്‍ ഒത്തുപിടിച്ചതോടെ അതിവേഗം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്.