മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ(86) അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു. മൃതദേഹം നാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ശനിയാഴ്ച നടക്കുമെന്നാണ് വിവരം.
|
1968ൽ 26-ാം വയസ്സിൽ പെരുമ്പാവൂർ നഗരസഭ അധ്യക്ഷനായി. രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർമാനെന്ന റെക്കോർഡിട്ടായിരുന്നു തുടക്കം. പിന്നീട് 91 മുതൽ 95 വരെ നിയമസഭ സ്പീക്കർ, 95 മുതൽ 96 വരെ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രി, കെപിസിസി പ്രസിഡൻറ്, യുഡിഎഫ് കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കൺവീനർ സ്ഥാനമൊഴിഞ്ഞ 2018 മുതൽ സജീവരാഷ്ട്രീയത്തിൽ നിന്നും പതിയെ വിട്ട് നിൽക്കുകയായിരുന്നു പി പി തങ്കച്ചൻ. കുറച്ച് നാളുകളായി അനാരോഗ്യം അലട്ടിയിരുന്നു. അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സൗമ്യമുഖമാണ് വിടവാങ്ങിയത്.


