ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ എം.പി മത്സരിച്ചേക്കും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ഇതിന് അനുമതി നൽകി. രാവിലെ തരൂർ ഡൽഹിയിലെ വസതിയിലെത്തി സോണിയയെ കണ്ടിരുന്നു. തരൂരിൻറെ സ്ഥാനാർഥിത്വത്തിന് സോണിയ സമ്മതം നൽകിയതായാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 17നാണ് കോൺഗ്രസിന് പുതിയ അധ്യക്ഷനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ്.
|
സന്ദർശനത്തിൽ തരൂർ തൻറെ നിലപാട് സോണിയയോട് വിശദീകരിച്ചു. ആർക്കും മത്സരിക്കാമെന്ന മുൻ നിലപാട് തരൂരിനോടും സോണിയ ആവർത്തിച്ചതാ!യാണ് റിപ്പോർട്ടുകൾ.
കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജയപ്രകാശ് അഗർവാൾ, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂർ സോണിയ ഗാന്ധിയെ കാണാനായി എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിച്ചേക്കുമെന്ന സൂചനകളുള്ളതിനാൽ സന്ദർശനത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ശശി തരൂർ തള്ളിയിട്ടില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂർ നേരത്തെ അഭിപ്രായപ്പെട്ടത്.
Shashi Tharoor Set To Run For Congress President, Sonia Gandhi Okays It



