22
Sep 2023
Fri
22 Sep 2023 Fri

ജിദ്ദ: ഇരുപതാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും. ജിദ്ദയിലെ കായിക പ്രേമികളുടെ ഒഴിവു ദിനങ്ങള്‍ ഫുട്‌ബോള്‍ ആവേശത്തിലാക്കുന്ന ചാംപ്യന്‍സ് ലീഗിന്റെ ഉദ്ഘാടന പരിപാടിയില്‍ പി അബ്ദുല്‍ ഹമീദ് എം എല്‍ എ മുഖ്യ അതിഥിയായിരിക്കും. സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് വേണ്ടിയുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സിഫ് പ്രസിഡന്റ് ബേബി നീലാബ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്റ്റംബര്‍ 29ന് വെള്ളിയാഴ്ച ജിദ്ദ വസീരിയ അല്‍ തആവൂന്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം 6.30 മുതലാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പതിനൊന്ന് ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകള്‍ പങ്കെടുക്കും. ഡിസംബര്‍ എട്ടിനാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. പ്രമുഖ സിനിമ താരം ഹരീഷ് കണാരന്‍, സിനിമ, ടി വി കലാകാരന്‍ അനില്‍ ബേബി എന്നിവര്‍ പങ്കെടുക്കുന്ന ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരും മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളും വിവിധ പരിപാടികള്‍ക്ക് സാക്ഷികളാകും.

ഉദ്ഘാടന ചടങ്ങില്‍ ഈസ് ടീ മുഖ്യ സ്‌പോണ്‍സര്‍മാരായ ടൂര്‍ണമെന്റിന് ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍, ആര്‍ കെ ജി , ചാംസ്, അല്‍ഹറബി സ്വീറ്റ്സ്, പ്രിന്റെക്‌സ് തുടങ്ങിയ സംരംഭകര്‍ സഹ സ്‌പോണ്‍സര്‍മാരായും രംഗത്തുണ്ട്. ഇത് മൂന്നാം തവണയാണ് ഈസ് ടീ സിഫിന്റെ പ്രധാന സ്‌പോണ്‍സര്‍മാരാകുന്നതെന്നും കഴിഞ്ഞ മൂന്ന് എഡിഷനുകളിലും പ്രധാനമായും ഇന്ത്യന്‍ സംരംഭകരാണ് സിഫുമായി സാമ്പത്തിക സഹകരണത്തിലുള്ളതെന്നും സിഫ് ഭാരവാഹികള്‍ പറഞ്ഞു ഐഎസ്എല്‍, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളുടെ ഒരു വലിയ നിര തന്നെ ഇത്തവണ സിഫില്‍ അണിനിരക്കുന്നുണ്ട്, നിരവധി നാഷണല്‍, ഇന്റര്‍നാഷണല്‍ കളിക്കാര്‍ ഇതിനോടകംതന്നെ ജിദ്ദയിലെത്തി ടീമുകള്‍ക്കൊപ്പം പരിശീലനത്തിനായി ചേര്‍ന്നിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടോളം പ്രായമുള്ള ലോകത്തിലെ തന്നെ ആദ്യ പ്രവാസി ഫുടബോള്‍ ഭരണ സംവിധാനമായ സൗദി ഇന്ത്യന്‍ ഫുടബോള്‍ ഫോറം തികച്ചും പ്രഫഷണലായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഈ സീസണിലും കുറ്റമറ്റ രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാനുള്ള എല്ലാ സന്നാഹങ്ങളും ക്രമീകരിച്ചിട്ടുണ്ട്. റഫറി ലൈസന്‍സുള്ള സൗദി റഫറിമാരായിരിക്കും ഇത്തവണ കളികള്‍ നിയന്ത്രിക്കുകയെന്നും, ജിദ്ദയിലെ ഫുടബോള്‍ പ്രേമികള്‍ക്ക് നിലവാരമുള്ള മികച്ച മത്സരങ്ങള്‍ കാണുവാനുള്ള 11 ആഴ്ചകളാണ് മുന്നിലുള്ളതെന്നും സിഫ്ന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജനറല്‍ സെക്രട്ടറി നിസാം മമ്പാട് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറല്‍ സെക്രട്ടറി നിസാം മമ്പാട്, ട്രെഷറര്‍ നിസാം പാപ്പറ്റ സിഫിന്റെ ഔദ്യോഗിക മാധ്യമ വക്താവ്കൂടിയായ രക്ഷാധികാരി നാസര്‍ ശാന്തപുരം എന്നിവരെ കൂടാതെ മറ്റു വൈസ് പ്രസിഡന്റ്മാരായ ശബീര്‍ അലിലവ, അയ്യൂബ് മുസ്ലിയാരകത്ത്, സലാംകാളികാവ്,യാസിര്‍അറഫാത്ത്, ശരീഫ്പരപ്പന്‍, സെക്രട്ടറിമാരായ അന്‍വര്‍വല്ലാഞ്ചിറ, അബു കട്ടുപ്പാറ,സഹീര്‍ പുത്തന്‍,ഷഫീഖ്പട്ടാമ്പി, ജനറല്‍ ക്യാപ്റ്റന്‍ അന്‍വര്‍ കരിപ്പ, വൈസ് ക്യാപ്റ്റന്‍ റഹീംവലിയോറ, ട്രഷറി ഓഫീസര്‍ മന്‍സൂര്‍ കെസി എന്നിവരും സന്നിഹിതരായിരുന്നു