21
Sep 2022
Tue
21 Sep 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: സഊദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം (സിഫ്) സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റ് ഡിസംബറിൽ  ആരംഭിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ ഫൈസലിയ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സ്‌റ്റേഡിയത്തിലാണ് ഇത്തവണയും  ടൂർണമെന്റ് നടക്കുക. 

 

 

നാല് ഡിവിഷനുകളിലായി സിഫിൽ രജിസ്റ്റർ ചെയ്ത മുപ്പത്തിരണ്ട് ക്ലബ്ബുകളിലുള്ള ഇന്ത്യൻ ടീമുകൾ ഇത്തവണയും മാറ്റുരയ്ക്കും. മൂന്ന് മാസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ, അന്താരാഷ്ട്ര, ദേശീയ ഫുട്ബാൾ മത്സരങ്ങളിലെ വിവിധ താരങ്ങൾ അണിനിരക്കും. നിലവിലെ ചാംപ്യന്മാരായ സബീൻ എഫ് സി, റണ്ണർ അപ്പ് ആയ മക്ക ഇന്ത്യൻ എഫ് സി, എ.സി.സി, റിയൽ കേരള, ബ്ലൂസ്റ്റാർ, ബ്ലാസ്റ്റേഴ്‌സ് എഫ് സി, ഫ്രണ്ട്‌സ് ജിദ്ദ , ടൗൺ ടീം,   യാസ് ക്ലബ്, ഫാൽക്കൺ എഫ് സി തൂവൽ, റിഹാബ് എഫ് സി യാമ്പു എന്നിങ്ങനെ നിരവധി ക്ലബ്ബുകൾ ഇത്തവണയും ഗോദയിലിറങ്ങും. 

 

ആയിരത്തിലധികം കളിക്കാരാണ് വിവിധ ടീമുകളിലായി സിഫിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിദ്ദയിലെ വിവിധ ഫുട്ബാേൾ അക്കാദമികൾക്ക് കീഴിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വിദ്യാർഥികളും ടൂർണമെന്റിന്റെ ജൂനിയർ ഡിവിഷനിൽ ഇത്തവണയും കളിക്കളത്തിൽ ഇറങ്ങും. 

 

സിഫ് ജനറൽബോഡി മീറ്റിംഗിനു ശേഷം നടന്ന ആദ്യ സെൻട്രൽ കമ്മിറ്റി മീറ്റിങ്ങിൽ നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സിഫിലെ വിവിധ പദവികൾ വഹിച്ച നാസർ ശാന്തപുരത്തിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. നാസർ ശാന്തപുരം സിഫിന് വലിയ സംഭാവനകളാണ് നൽകിയതെന്ന് അധ്യക്ഷൻ ബേബി നീലാമ്പ്ര പറഞ്ഞു. 

 

സിഫിന്റെ ആദ്യ വൈസ് പ്രസിഡന്റും മലയാളം ന്യൂസ് എഡിറ്ററുമായ മുസാഫിർ യോഗം ഉദ്ഘാടനം ചെയ്തു. മഞ്ചേരി എൻ.എസ്.എസ്   കോളജിലെ നാസറുമായുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. തുടർന്ന് പ്രസംഗിച്ച സിഫ്  ജനറൽ സെക്രട്ടറി നിസാം മമ്പാട്, സിഫിന്റെ വെബ്‌സൈറ്റ് ഉണ്ടാക്കിയതിൽ നാസർ ശാന്തപുരത്തിന്റെ  പങ്കിനെക്കുറിച്ചും, കളിക്കാരുടെ മാന്വൽ രജിസ്ട്രേഷനിൽ നിന്നും സാങ്കേതികമായി സിഫിനെ പുതിയ രീതിയിലെ വെബ്സൈറ്റ് രജിസ്ട്രേഷനിലേക്ക് മാറ്റി മുന്നോട്ട് നയിച്ചതിനെ കുറിച്ചും ഓർമിച്ചു. അബ്ദുൽ മജീദ് നഹ  സാദിഖ് അലി തുവ്വൂർ, സലീം മമ്പാട്, നിസാം പാപ്പറ്റ, ഷബീർ ലാവ, സിദ്ധീഖ് കെ,  മൻസൂർ കെ.സി, ഫിറോസ് ചെറുകോട്, സഹീർ പുത്തൻ,  ജാഫർ അലി  പാലക്കോട്, സഫ്‌വാൻ നാസർ എന്നിവർ സംസാരിച്ചു.

 

മറുപടി പ്രസംഗത്തിൽ തന്റെ നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ അനുഭവങ്ങളും സിഫിലേക്ക് വരാൻ ആഗ്രഹിച്ചതും, പിന്നീട് ഫോട്ടോഗ്രാഫർ, മീഡിയ കൺവീനർ,വർക്കിങ് കമ്മിറ്റി മെംബർ,ജോയിന്റ് സെക്രട്ടറി, ജനറൽസെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷർ, ട്രഷറർ എന്നീ എട്ടോളം പദവികളിൽ സിഫിൽ സ്തുത്യർഹമായ സേവനം നിർവഹിച്ചതിനെ ക്കുറിച്ചുമൊക്കെ നാസർ പറയുകയുണ്ടായി. സീനിയർ സെക്രട്ടറി അയ്യൂബ് മാസ്റ്റർ സ്വാഗതവും  ജോയിന്റ് സെക്രട്ടറി ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.