തിരുവനന്തപുരം: എസ്.ഐ.ആര്‍ കരട് പട്ടികയില്‍ നിന്നും പുറത്തായവര്‍ക്കും, നേരത്തെ പേരില്ലാത്തവര്‍ക്കും കൂട്ടിചേര്‍ക്കാനുള്ള അവസരമാണ് ഇനി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച കരട് പട്ടിക പരിശോധിക്കണമെന്നും പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് പുതുതായി പേര് ചേര്‍ക്കാനുള്ള അവസരമുണ്ടെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു ഖേല്‍കര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
|
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ (https://voters.eci.gov.in/) നിന്നും ബന്ധപ്പെട്ട ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പേര് ചേര്‍ക്കാം. നിങ്ങളുടെ പ്രദേശത്തെ ബി.എല്‍.ഒ മാരില്‍ നിന്നും ഫോമുകള്‍ വാങ്ങാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകളില്‍ അതാത് ബൂത്ത് ചുമതലയുള്ള ബി.എല്‍.ഒ മാര്‍ വഴിയാകും അംഗീകാരം നല്‍കുന്നത്.
ഏത് ഫോമില്‍ അപേക്ഷിക്കണം
6 ഫോം (ഫോം സിക്‌സ്): കരട് എസ്.ഐ.ആര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും, 2026 ജനുവരി ഒന്നിന് 18 പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പുതിയ വോട്ടര്‍മാരായി പേര് ചേര്‍ക്കാവുന്നതാണ്. ഫോട്ടോ, ആധാര്‍ വിശദാംശങ്ങള്‍, ജനന തീയതി തെളിയിക്കുന്ന? രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമാണ് ഫോം പൂരിപ്പിച്ച് നല്‍കേണ്ടത്. കരട് പട്ടികയില്‍ ഉള്ള ബന്ധുക്കളുടെയോ, സ്വന്തമോ വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും നല്‍കണം. ഫോമിലെ പ്രസ്താവനയും (ഡിക്ലറേഷന്‍) പൂരിപ്പിച്ച് ഒപ്പിട്ട് നല്‍കണം.
ഫോം 6 A : വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരായ പ്രവാസി വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാനുള്ള ഫോം ആണ് ഇത്. പാസ്‌പോര്‍ട്ട് നമ്പര്‍, വിസ വിശദാംശങ്ങള്‍ എന്നിവ ഈ ഫോമില്‍ നല്‍കണം.
പ്രവാസി വോട്ടറായി പട്ടികയില്‍ ഉള്‍പ്പെടുത്തികഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് വേളയില്‍ നാട്ടിലുണ്ടെങ്കില്‍ അതാത് ഇടങ്ങളില്‍ വോട്ട് ചെയ്യാം.
ഫോം 7: വോട്ടര്‍പട്ടികയിലുള്ള പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയാണ് ഫോം 7. മരണം, താമസം മാറല്‍, ഇരട്ടിപ്പ് എന്നിവ മൂലം പേര് നീക്കം ചെയ്യാന്‍ അപേക്ഷിക്കാം. വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കണം. ഇതില്‍ നടപടി സ്വീകരിക്കും മുമ്പ് അധികൃതര്‍, വ്യക്തിയുമായി ബന്ധപ്പെട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കും.
ഫോം 8: വിലാസം മാറ്റാന്‍, വീട്ടു നമ്പര്‍ തിരുത്തല്‍ ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്ക് ഫോം എട്ട് പൂരിപ്പിച്ച് നല്‍കാവുന്നതാണ്.




