ലഖ്നൗ: യുപിയിൽ വീണ്ടും വാഹനമിടിച്ച് വലിച്ചിഴച്ച് ക്രൂരത. മഹോബയിൽ കാൺപൂർ-സാഗർ ദേശീപാത 86ലാണ് സംഭവം. അമിതവേഗതയിലെത്തി സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച ട്രക്ക് ആറ് വയസുകാരനെ രണ്ട് കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. അപകടത്തിൽ കുട്ടിക്കും മുത്തച്ഛനും ദാരുണാന്ത്യം.
|
67കാരനായ ഉദിത് നാരായൺ ചൻസോറിയയാണ് മരിച്ചത്. മാർക്കറ്റിലേക്ക് പോവുകയായിരുന്ന ഇവരുടെ സ്‌കൂട്ടറിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉദിത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ ചെറുമകൻ സാത്വിക്കും ഇരുചക്രവാഹനവും രണ്ട് കിലോമീറ്ററിലധികം വലിച്ചിഴയ്ക്കപ്പെട്ടു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അപകടത്തിനു പിന്നാലെ ട്രക്കിന് സമീപമുള്ള നിരവധി ബൈക്കുകൾ ഡ്രൈവറെ കാര്യം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ നിർത്താതെ പോവുകയായിരുന്നു.
ഒടുവിൽ സമീപവാസികൾ റോഡിൽ കല്ലുകളും പാറകളും ഇട്ടതിനെത്തുടർന്നാണ് ട്രക്ക് നിന്നത്. തുടർന്ന് ട്രക്ക് ഡ്രൈവറെ നാട്ടുകാർ മർദിക്കുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ പിടികൂടുകയും ട്രക്ക് കസ്റ്റഡിയിലെടുക്കുകയടും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





