01
Nov 2024
Tue
01 Nov 2024 Tue
Amaran movie SDPI protest

ശിവകാര്‍ത്തികേയനും-സായി പല്ലവിയും പ്രധാന റോളുകളില്‍ അഭിനയിക്കുന്ന അമരന്‍ സിനിമയ്‌ക്കെതിരേ പ്രതിഷേധവുമായി എസ്ഡിപിഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍.(spreading Islamophobia; SDPI protests against ‘Amaran’ movie)  മുസ്ലിംകള്‍ക്കെതിരേ വെറുപ്പും ഭീതിയും സൃഷ്ടിക്കുന്നതാണ് സിനിമയെന്നാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2014ല്‍ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ നടന്ന സൈനിക നീക്കത്തിനിടെ കൊല്ലപ്പെട്ട തമിഴ്‌നാട്ടില്‍ നിന്നുള്ള സൈനികനായ മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥയാണ് രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത അമരന്‍ പറയുന്നത്.

സിനിമ നിര്‍മിച്ച നടന്‍ കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഓഫിസിന് മുന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ചെന്നൈ അല്‍വാര്‍പേട്ടില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ 150ലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ALSO READ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-ഉവൈസി സഖ്യം

കോയമ്പത്തൂരില്‍ സിനിമ പ്രദര്‍ശിപ്പിച്ച ശാന്തി തിയേറ്ററിനു മുന്നില്‍ സമാനമായ പ്രതിഷേധം നടന്നു. മുസ്ലിംകളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്ന അമരന്‍ സിനിമ നിരോധിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി മന്‍സൂര്‍ അലി ആവശ്യപ്പെട്ടു. അമരന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

അരമന്‍ ജനങ്ങള്‍ക്കിടയില്‍ ന്യൂനപക്ഷ വിരുദ്ധ വികാരം ഇളക്കിവിടുന്നതാണെന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കരീം ആരോപിച്ചു. ഇത് പൂര്‍ണമായ ഒരു ജീവിതകഥയല്ല. മറിച്ച്, മുസ്ലിംകള്‍ക്കെതിരായ വെറുപ്പ് വിതക്കുകയാണ് സിനിമ. നേരത്തേ കമല്‍ഹാസന്‍ നിര്‍മിച്ച വിശ്വരൂപം എന്ന സിനിമയും സമാനമായ രീതിയില്‍ മുസ്ലിം വിദ്വേഷം ഇളക്കിവിട്ടിരുന്നുവെന്നും കരീം പറഞ്ഞു.

വിഭാഗീയത പ്രോല്‍സാഹിപ്പിക്കുന്നതാണ് സിനിമയെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് എംഎച്ച് ജവാഹിറുല്ല പറഞ്ഞു. കശ്മീര്‍ ഫയല്‍സ്(2022), ദി കേരള സ്റ്റോറി(2023) തുടങ്ങിയ സിനിമകള്‍ക്ക് സമാനമാണ് അമരനെന്ന് അദ്ദേഹം പറഞ്ഞു. തമിഴക മക്കള്‍ ജനനായക കക്ഷിയും നേരത്തേ സിനിമയ്‌ക്കെതിരേ പ്രതിഷേധമുയര്‍ത്തിയിരുന്നു.

അതേസമയം, ഒക്ടോബര്‍ 31ന് തിയേറ്ററുകളിലെത്തിയ അമരന് പൊതുവെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ദേശീയവികാരം പ്രോല്‍സാഹിപ്പിക്കുന്ന അമരന്‍ സിനിമയെയും നടന്‍ ശിവകാര്‍ത്തികേയനെയും സംസ്ഥാന ബിജെപി നേതാക്കള്‍ അഭിനന്ദിച്ചു. ഒക്ടോബര്‍ 30ന് നടന്ന സിനിമയുടെ സ്‌ക്രീനിങില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക