മക്കയിലെ മസ്ജിദുല്‍ ഹറമിലെ പ്രശസ്ത മുഅദ്ദിനായ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ അവസാനമായി സുബഹി ബാങ്കുവിളി നിർവഹിച്ച അദ്ദേഹം, രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബാങ്കുവിളി പൂർത്തിയാക്കി മണിക്കൂറുകൾക്കകമാണ് മരണം സംഭവിച്ചത്.
|
ശൈഖ് ഇബ്രാഹിം അൽ മദനിയുടെ മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്ജിദുല്‍ ഹറമിൽ നടക്കും.
1976ൽ മദീനയിലെ കുടുംബത്തിലാണ് ശൈഖ് ഇബ്രാഹിം ജനിച്ചത്. ഖുര്‍ആൻ ഹാഫിളായ മുത്തശ്ശന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം ഖുര്‍ആനിക് സ്റ്റഡീസിൽ ബിരുദം നേടി.
15-ാം വയസ്സിൽ മദീനയിലെ പ്രാദേശിക പള്ളിയിൽ ബാങ്കുവിളിയിലൂടെയാണ് അദ്ദേഹം സേവനം ആരംഭിച്ചത്. മദീനയുടെ പാരമ്പര്യ ശൈലിയിലുള്ള ബാങ്കുവിളിയിൽ പ്രാവീണ്യം നേടിയ അദ്ദേഹം പിന്നീട് പിതാവിനൊപ്പം മക്ക സന്ദർശിച്ച വേളയിൽ ശൈഖ് അബ്ദുൽ ലത്തീഫ് മുല്ലയിൽ നിന്ന് മക്കയിലെ ബാങ്കുവിളി രീതിയും അഭ്യസിച്ചു.
മദീനയിലെയും വിവിധ പള്ളികളിലെയും സേവനത്തിന് ശേഷം 2017ലാണ് മക്കയിലെ മസ്ജിദുല്‍ ഹറമിലെ മുഅദ്ദിനായി ശൈഖ് ഇബ്രാഹിം അൽ മദനി ഔദ്യോഗികമായി ചുമതലയേറ്റത്. വർഷങ്ങളോളം വിശ്വാസികൾക്ക് പരിചിതമായിരുന്ന അദ്ദേഹത്തിന്റെ ബാങ്കുവിളി ശബ്ദത്തിന് ഇതോടെ വിടയായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





