25
Apr 2026
Sat
25 Apr 2026 Sat
Paytm

യുപിഐ സേവനത്തിന് നിരവധി ആളുകള്‍ ആശ്രയിച്ചിരുന്ന പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി. ഇതോടെ പേയ്ടിഎമ്മിന് ഇനി ബാങ്കിങ് പ്രവര്‍ത്തനങ്ങളൊന്നും നടത്താനാവില്ല. എന്നാല്‍ യുപിഐ അടക്കമുള്ള മറ്റു സേവനങ്ങള്‍ക്ക് തടസ്സമുണ്ടാവില്ലെന്നാണ് അറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ല്‍ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ ആര്‍ബിഐ നടപടികള്‍ ആരംഭിച്ചത്. 2022 മാര്‍ച്ച് മുതല്‍ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ ഉത്തരവിട്ടിരുന്നു. പിന്നീട് 2024ല്‍ പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനാവില്ലെന്ന വ്യവസ്ഥയും നടപ്പാക്കി. പേയ്ടിഎം ബാങ്കിനു കീഴിലുള്ള പ്രീപെയ്ഡ് വോലറ്റുകള്‍, ഫാസ്ടാഗുകള്‍, എന്‍സിഎംസി കാര്‍ഡുകള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാക്കിയിരുന്നു.

പേയ്ടിഎം ബാങ്ക് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കുന്നതിനോ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍ ബാലന്‍സ് തീര്‍ന്നാല്‍ പിന്നീട് ഇടപാട് സാധ്യമാകുമായിരുന്നില്ല. ബാങ്കിങ് ലൈസന്‍സ് റദ്ദാകുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകളിലുള്ള പണം പൂര്‍ണമായും ഉടമകള്‍ക്ക് തിരികെ നല്‍കേണ്ടി വരും.

ഇതിന് ആവശ്യമായ പണലഭ്യത പേയ്ടിഎം ബാങ്കിനുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു. വലിയൊരു പങ്ക് ഉപയോക്താക്കളും ഇതിലെ തുക ഇതിനകം പിന്‍വലിച്ചിട്ടുണ്ടെന്നാണ് സൂചന. ചട്ടംലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നടപടി. ബാങ്കില്‍ ആര്‍ബിഐ നിരവധി തവണ പരിശോധന നടത്തിയിരുന്നു.

ബാങ്കിന്റെ ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്താന്‍ ഐടി ഓഡിറ്റ് കമ്പനിയെ നിയമിക്കാനും നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലും വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. നിക്ഷേപകരുടെയും താല്‍പര്യത്തിനു വിരുദ്ധമായ രീതിയിലായിരുന്നു ബാങ്കിന്റെ പ്രവര്‍ത്തനമെന്ന് ആര്‍ബിഐ ചൂണ്ടിക്കാട്ടി.