ഡോ. ഇസ്മായിൽ വെങ്ങശ്ശേരി
വീണ്ടും പതിമൂന്ന് കിലോ MDMA അടുത്ത പ്രദേശങ്ങളിൽ നിന്നും പിടികൂടി എന്ന വാർത്ത ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയില്ല.
“ഓപ്പറേഷൻ തൂഫാൻ” തീർച്ചയായും ഏറെ അഭിനന്ദനാർഹമായ നടപടി തന്നെ. മയക്കുമരുന്ന മാഫിയ യോടുള്ള ഈ യുദ്ധത്തിൽ പൊതുജന പങ്കാളിത്തം കൂടി ഉറപ്പു വരുത്തുന്നു എന്നറിയുമ്പോൾ ഏറെ പ്രതീക്ഷയുണ്ട്.
മയക്കുമരുന്ന് വിപത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തുന്ന ആഭ്യന്തര മന്ത്രിയും പ്രത്യേക പോലീസ് വിഭാഗവും അഭിനന്ദനം അർഹിക്കുന്നു.
|
പക്ഷേ, ഇവിടെ ഒരു ചോദ്യം ചോദിക്കാതെ വയ്യ. ഈ പിടിക്കപ്പെട്ട വരിൽ എത്ര പേർക്ക് ശിക്ഷ ഉറപ്പാക്കാൻ കഴിയും? കൂടാതെ ഈ മാരക വിപത്തിൻ്റെ ശക്തമായ അവസാന വേരും കണ്ടത്താൻ ഈ അന്വേഷണങ്ങൾക്ക് സാധ്യമാകുമോ ?
അറസ്റ്റിലായവരിൽ മാത്രം അന്വേഷണം ഒതുക്കി, ഏതാനും ദിവസത്തെ വാർത്തയുണ്ടാക്കി കേസ് അവസാനിപ്പിച്ചാൽ, ഇത്തരം ഓപ്പറേഷനുകൾക്ക് എത്രത്തോളം ഫലമുണ്ടാകും?
ഇതെഴുതുമ്പോൾ, പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട എന്റെ പഞ്ചായത്തിലുള്ള ഒരു ചെറുപ്പക്കാരൻ്റെ ചിത്രം തെളിഞ്ഞു വരുന്നു. നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വം സ്ഥാപിച്ചെടുത്തും, പോലീസ് തലപ്പത്തെ ഉന്നതരുമായി അടുപ്പും ആഘോഷിച്ചും ചില രാഷ്ട്രീയ നേതാക്കളുടെ സ്വാധീനവും തണലും അനുഭവിച്ചും നടന്നു വന്ന അയാൾ ഒരിക്കൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ജനങ്ങൾ അയാളുടെ ഈ രഹസ്യ ജീവിതം അറിയുന്നത്. ഇന്നും അയാൾ ഇരുമ്പുഴി ക്കുള്ളിൽ തന്നെ എന്ന് കരുതുന്നു. പക്ഷേ അവനിൽ മാത്രം ആ അന്വേഷണം ചുരുങ്ങിയതോടെ മയക്കുമരുന്ന് മാഫിയ ഇന്നും ആ നാട്ടിൽ ഓരോ മുക്കിലും മൂലയിലും നിശബ്ദമായി വിഹരിക്കുന്നു. അയാളെ സഹായിച്ചിരുന്ന ആരിലേക്കും അന്വേഷണം എത്തിയില്ല എന്നാണ് മനസ്സിലാകുന്നത്.
മയക്കുമരുന്ന് കച്ചവടം ഏതാനും വ്യക്തികൾ ഒറ്റയ്ക്ക് നടത്തുന്ന ഒരു കുറ്റകൃത്യമല്ല. അതിന് പിന്നിൽ പണവും ശക്തമായ സംരക്ഷണവും ആഴത്തിലുള്ള സ്വാധീനവുമുണ്ട്. രാഷ്ട്രീയ ബന്ധങ്ങളും അധികാരത്തിന്റെ തണലും ഇല്ലാതെ ഇത്തരം ദുശ്ശക്തികൾക്ക് വിഹരിക്കാനാവില്ല.
അതിനാൽ അന്വേഷണത്തിൽ ആരാണ് പിടിക്കപ്പെട്ടത്, എന്നിടത്ത് അവസാനിക്കാതെ ആരാണ് ഇവരെ വളർത്തിയത്, സംരക്ഷിച്ചത്, ഇതിൽ നിന്നും ലാഭത്തിൻ്റെ വലിയ ഗുണഭോക്താക്കൾ ആരെല്ലാം എന്നതെല്ലാം അന്വേഷണ പരിധിയിൽ വരണം. ഞാൻ ശക്തമായി സംശയിക്കുന്നത് ഇതിൻ്റെ പിന്നിൽ തീർച്ചയായും രാഷ്ട്രീയ സംരക്ഷണം ഉണ്ട് . അത് പുറത്തുവരണം.
മയക്കുമരുന്ന് വിൽക്കുന്നവൻ ഏത് പാർട്ടിക്കാരനായാലും അയാൾ കുറ്റവാളിയാണ്. പിടിക്കപ്പെട്ടയാൾ വലതനാവാം, ഇടതനാവാം, ദേശീയത മുഖമുദ്രയാക്കിയ വരാകാം. പക്ഷേ ഇവരെല്ലാം മാനവികതയുടെയും ദേശീയതയുടെയും ശത്രുക്കളാണ് . ഏത് രാഷ്ട്രീയ മത സംഘടനയുമായി ബന്ധപ്പെട്ടയാളാണ് എന്നതല്ല പ്രധാനം.
ഏതെങ്കിലും രാഷ്ട്രീയ നേതാവോ അധികാരകേന്ദ്രമോ സാമ്പത്തിക താൽപര്യക്കാരനോ ഇത്തരം സംഘങ്ങൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെങ്കിൽ, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അവരുടെ കപടത അനാവരണം ചെയ്യപ്പെടുക തന്നെ വേണം.
മയക്കുമരുന്നിനെതിരെ നടത്തുന്ന പോരാട്ടം പാർട്ടി കണ്ണിലൂടെ കാണുന്ന നിമിഷം തന്നെ അതിന്റെ വിശ്വാസ്യത നഷ്ടപ്പെടും.
സമൂഹത്തിന്റെ സാംസ്കാരിക മനഃസാക്ഷിയായി സ്വയം അവതരിപ്പിക്കുന്നവർക്ക് ഈ വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്.
ഒരു കുറ്റാരോപണം തങ്ങൾക്ക് ഇഷ്ടപ്പെടാത്ത രാഷ്ട്രീയക്കാരനെതിരെയാണെങ്കിൽ ശക്തമായി പ്രതികരിക്കുകയും, അതേ ആരോപണം തങ്ങൾക്ക് അടുപ്പമുള്ളവരിലേക്കോ ഇഷ്ടപ്പെട്ട രാഷ്ട്രീയ-സാമൂഹിക വൃത്തങ്ങളിലേക്കോ എത്തുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്നത് എന്ത് സാംസ്കാരിക നിലപാടാണ്?
മയക്കുമരുന്നിന് പാർട്ടി നിറമില്ല, സമുദായ നിറമില്ല രാഷ്ട്രീയ പക്ഷമില്ല.അതിനാൽ അതിനെതിരെയുള്ള പ്രതിഷേധത്തിനും പക്ഷപാതം പാടില്ല. ഇഷ്ടമുള്ളവർക്കൊരു നീതിയും ഇഷ്ടമില്ലാത്തവർക്കൊരു നീതിയും എന്ന നിലപാട് സമൂഹം തിരിച്ചറിയുന്നുണ്ട്. ഏറ്റവും ഭയപ്പെടുത്തുന്നത് നമ്മുടെ കുട്ടികളുടെ ഭാവിയെ കുറിച്ചാണ്.
മയക്കുമരുന്ന് നമ്മുടെ സമൂഹത്തിൽ എത്ര ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നതിന്റെ ഭയപ്പെടുത്തുന്ന സൂചനകളാണ് സമീപകാല സംഭവങ്ങൾ. കുട്ടികൾക്കിടയിൽ അധ്യാപകവേഷത്തിൽ പ്രവർത്തിച്ചി രുന്നവരിൽ പോലും മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് അറസ്റ്റുകൾ ഉണ്ടാകുന്നു. സംസ്ഥാനത്തൊട്ടാകെ വർഷങ്ങളായി MDMA പോലുള്ള അതീവ വീര്യമേറിയ ലഹരി മരുന്ന് മൊത്തവ്യാപാരം നടത്തിയിരുന്ന സംഘങ്ങൾ പിടിയിലാകുന്നു. ഇവരൊക്കെ വർഷങ്ങളോളം എങ്ങനെ ഇത്ര സ്വൈരമായി പ്രവർത്തിച്ചു?
അതോ അവരെ സംരക്ഷിക്കാൻ ചില കൈകൾ ഉണ്ടായിരുന്നോ? ഇതാണ് അന്വേഷണം കണ്ടെത്തേണ്ടത്.
മയക്കുമരുന്ന് ശൃംഖലയിലെ അവസാന കണ്ണിയെ പിടികൂടുന്നത് എളുപ്പമാണ്. എന്നാൽ ആ കണ്ണിയിലേക്ക് മയക്കുമരുന്ന് എത്തിച്ചവരെയും, പണം നൽകിയവരെയും, വിതരണം നിയന്ത്രിച്ചവരെയും, സംരക്ഷണം നൽകിയവരെയും കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. വേട്ടയുടെ അങ്ങേയറ്റം ചെറുകിട വിൽപ്പനക്കാരനിൽ അവസാനിക്കരുത്.
അത് എത്തേണ്ടത് പണത്തിന്റെ ഉറവിടത്തിലേക്കും, അധികാരത്തിന്റെ ഇടനാഴികളിലേക്കും, സംരക്ഷണത്തിന്റെ വേരുകളിലേക്കുമാണ്.
അവിടെയാണ് യഥാർത്ഥ “ഓപ്പറേഷൻ തൂഫാൻ” ആരംഭിക്കേണ്ടത്. ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന മാരക രാസ മരുന്നുകൾ നമ്മുടെ സമൂഹത്തിൽ വിറ്റഴിക്കാനായി പല ഉന്നതരുമായി ബന്ധമുള്ള തുറമുഖങ്ങളിൽ അനവധി തവണ പിടിക്കപ്പെട്ടിട്ടുണ്ട്. പിടിക്കപ്പെടുന്നത് വെറും അപൂർവങ്ങളിൽ അപൂർവമായിരിക്കും . ബാക്കിയെല്ലാം അതിൻ്റെ ലക്ഷ്യത്തിൽ എത്തിയിരിക്കാം. പലരും അതിന്റെ പങ്ക് ആശ്വദിച്ചിട്ടുണ്ടാവാം. പക്ഷേ അങ്ങനെ പിടിക്കപ്പെട്ട വാർത്തകൾക്ക് പിന്നീട് ഒരു തുടർച്ച നാം ഒരിക്കലും കാണുക യുണ്ടായിട്ടില്ല.
ഇത് ഒരു പോരാട്ടമാണ്. ഈ പോരാട്ടത്തിൽ നമ്മുടെ കുട്ടികളെ രക്ഷിക്കാൻ എല്ലാവരും കൈകോർക്കുകയാണ് വേണ്ടത്.
മയക്കുമരുന്ന് വിൽക്കുന്നവരോട് യാതൊരു ദയയും വേണ്ട. അവരെ സംരക്ഷിക്കുന്നവരോടും. പാർട്ടി, സമുദായം, ബന്ധങ്ങൾ, അധികാരം ഒന്നും നോക്കാതെ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. കാരണം ഇന്ന് മയക്കുമരുന്നിന്റെ ഇര മറ്റൊരാളുടെ മകനായിരിക്കാം. നാളെ അത് നമ്മുടെ മകനോ മകളോ ആയിരിക്കാം. സത്യം എത്രകാലം മൂടിവെച്ചാലും ഒരുനാൾ പുറത്തുവരും.
അതുവരെ നമുക്ക് മിണ്ടാതിരിക്കരുത്. പക്ഷം പിടിക്കാതെ, മുഖം നോക്കാതെ, ഈ വിപത്തിനെതിരെ പോരാടാം.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





