ജിദ്ദ: ടീം ഷറഫിയ്യ സംഘടിപ്പിക്കുന്ന ഈതാത്. കോം സെവൻസ് ഫുട്ബോൾ മത്സരം കിക്ക് ഓഫ് സപ്തംബർ 30ന്. ഖാലിദ് ബിൻ വലീദിലെ എസ് ടി സി ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ സ്റ്റേഡിയത്തിൽ നാല് ആഴ്ചകളിലായാണ് മത്സരം നടക്കുക. ഒക്ടോബർ 21നാണ് ഫൈനൽ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചകളിൽ രാത്രി 8.30 മുതലാണ് കളി ആരംഭിക്കുക. ഓരോ വെള്ളിയാഴ്ചയും 2 വീതം മത്സരങ്ങൾ ഉണ്ടാകും. ജിദ്ദയിലെ പ്രമുഖരായ 8 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം നാട്ടിലെ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ അനുഭവം കാണികൾക്ക് അനുഭവിക്കാനാകുമെന്ന് സംഘാടകർ പറഞ്ഞു.
സൗദിയിലേയും കേരളത്തിലേയും പ്രഗത്ഭരായ കളിക്കാർ അണിനിരക്കുന്ന ടൂർണമെന്റ് കളിപ്രേമികൾക്ക് ഹരം പകരും. ടൂർണമെന്റ് പ്രമാണിച്ചു കാണികൾക്ക് നറുക്കെടുപ്പ് പദ്ധതിയും ഉണ്ടായിരിക്കും. നറുക്കെടുപ്പിലെ വിജയിക്ക് നാട്ടിൽ സ്കൂട്ടി സമ്മാനമായി നൽകും.
വാർത്താ സമ്മേളനത്തിൽ സൈഫുദ്ധീൻ വാഴയിൽ ( ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ), ഫിറോസ് ചെറുകോട് ( കൺവീനർ ) യാസർ അറഫാത്ത് ( കോ ഓഡിനേറ്റർ), ബിജു മോഹൻ ( ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ), യാക്കൂബ് ബാബു ( മീഡിയ ), സുൽത്താൻ അൽ അസ്മരി, റഫീഖ് നല്ലൻ കണ്ടി, മുഹാജിർ നെല്ലിക്കൽ, യാക്കൂബ് ബാബു, സിയാദ് തങ്ങൾ, സാജൻ സാലിഹ്, അഷ്‌റഫ് ഇബ്‌റാഹീം, ഉനൈസ് ചെറുകോട്, സാനിഷ് പാലക്കാട് തുടങ്ങിയവർ പങ്കെടുത്തു.



