31
Oct 2025
Fri
31 Oct 2025 Fri
Thamarassery Fresh Cut

കോഴിക്കോട് താമരശ്ശേരിയില്‍ പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയ അറവുമാലിന്യ സംസ്‌കരണ ശാല ഫ്രഷ് കട്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കിയതില്‍ സമരസമിതിക്ക് പ്രതിഷേധം. ഫ്രഷ് കട്ട് അടച്ചുപൂട്ടുംവരെ സമരം പൂര്‍വ്വാധികം ശക്തിയോടെ തുടരുമെന്ന് സമരസമിതി ചെയര്‍മാന് ബാബു കുടുക്കില്‍ പറഞ്ഞു. ഇന്ന് മുതല്‍ സമരം പുനരാരംഭിക്കാനാണ് ആലോചന.

whatsapp ഫ്രഷ് കട്ട് അടച്ചുപൂട്ടും വരെ സമരം; വോട്ട് ചെയ്യില്ലെന്ന് നാട്ടുകാര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഫ്രഷ് കട്ട് ഇന്ന് തുറക്കില്ല. അറ്റകുറ്റപ്പണിപൂര്‍ത്തിയാക്കി രണ്ടു മൂന്നു ദിവസത്തിനകം ഫാക്ടറി തുറക്കാനാണ് ഫ്രഷ് കട്ട് ഉടകള്‍ ആലോചിക്കുന്നത്.

കര്‍ശന ഉപാധികളോടെയാണ് പ്ലാന്റിന് കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കണമെന്നുമാണ് നിര്‍ദേശം. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഫെസിലേറ്റേഷന്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്.

ALSO READ: യുഎഇയില്‍ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട്; സാധാരണ പാസ്‌പോര്‍ട്ടുള്ളവര്‍ എന്ത് ചെയ്യണം?

അതേസമയം, ഫ്രഷ് കട്ട് സമരത്തില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം 14 ആയി. ഇന്നലെ കൂടത്തായ് കരിംങ്ങാംപൊയില്‍ കെ പി നിയാസ് അഹമ്മദ് എന്നയാളെ പിടികൂടിയിരുന്നു.

വോട്ട് ചെയ്യില്ലെന്ന നാട്ടുകാര്‍

മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ ജനകീയ പ്രതിഷേധങ്ങള്‍ ആറു വര്‍ഷത്തോളമായി തുടരുകയാണ്. മൂന്ന് പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങളാണ് സമരത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി ഇത് മാറുകയാണ്..

കട്ടിപ്പാറ പഞ്ചായത്തിലാണ് ഫ്രഷ് കട്ട് സ്ഥിതി ചെയ്യുന്നതെങ്കിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലുള്ളവരാണ്. ഈ മൂന്നു പഞ്ചായത്തകളിലെ വാര്‍ഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഫ്രഷ് കട്ട് സമരം ചര്‍ച്ചയാകുമെന്നുറപ്പാണ്.

വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ലാതെ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി,കട്ടിപ്പാറ പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫാണ് . ആറ് വര്‍ഷമായിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സാധിച്ചിട്ടില്ലെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. തങ്ങള്‍ തുടക്കം മുതല്‍ സമരക്കാര്‍ക്കൊപ്പമായിരുന്നെന്നും സിപിഎം നിലപാടുകള്‍ക്കെതിരായ വിധിയെഴുത്താവും തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്തുക എന്നാണ് യുഡിഎഫ് പറയുന്നത്.

ഫ്രഷ്‌കട്ട് വിഷയത്തിന്റെ മറവില്‍ പഞ്ചായത്തുകളിലെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്നാണ് സിപിഎം നിലപാട്.