27
Mar 2023
Wed
27 Mar 2023 Wed

ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് ഫാഷിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിർത്താൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ ഇട്ട ട്വീറ്റിന് മറുപടി നൽകവേയാണ് സ്റ്റാലിന്റെ പ്രതികരണം. ”ആശംസകൾക്ക് നന്ദി സഖാവേ. തെക്കേ ഇന്ത്യയിൽനിന്ന് ഫാഷിസ്റ്റ് ശക്തികളെ എന്നെന്നേക്കുമായി അകറ്റി നിർത്താൻ നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം.” എന്നാണ് സ്റ്റാലിൻ മറുപടി നൽകിയത്. മലയാളത്തിലായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഖാവ് സ്റ്റാലിന് എല്ലാവിധ ജന്മദിനാശംസകളും. കേരള തമിഴ്‌നാട് ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങളെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. ഫെഡറിലിസത്തിനും മതേതരത്വത്തിനും നമ്മുടെ മാതൃഭാഷകൾക്കും വേണ്ടിയുള്ള പോരാട്ടത്തിലൂടെ നിങ്ങൾ രാജ്യമെമ്പാടുമുള്ള ആളുകളുടെ ഹൃദയം കീഴടക്കി. നിങ്ങൾക്ക് എല്ലാവിധ സന്തോഷവും ആരോഗ്യവും വിജയവും നേരുന്നു!” എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്.

2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിന്നാൽ എംയകെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. സ്റ്റാലിന്റെ ജൻമദിനാഘോഷങ്ങളിൽ പങ്കെടുക്കാനായി ചെന്നൈയിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചു നിന്ന് വിജയിച്ചാൽ, രാജ്യത്തെ നയിക്കാൻ ആർക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാം എന്നും അദ്ദേഹം പറഞ്ഞു.

എം.കെ.സ്റ്റാലിന്റെ എഴുപതാം പിറന്നാൾ അതിഗംഭീരമായാണ് പാർട്ടിപ്രവർത്തകരും കുടുംബവും ആഘോഷിച്ചത്. പിണറായി വിജയനു പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദി, സൂപ്പർ സ്റ്റാർ രജനികാന്ത്, ഡിഎംകെ എംപി കനിമൊഴി, നടൻ കമൽ ഹാസൻ, തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, വിജയകാന്ത്, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയവരും സമൂഹമാധ്യമങ്ങൾ വഴി സ്റ്റാലിന് ജന്മദിനാശംസകൾ നേർന്നു.