15
Dec 2023
Sun
15 Dec 2023 Sun

ഭര്‍ത്താവ് മരിച്ച ശേഷമാണ് ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് താര കല്യാണ്‍; വീഡിയോക്ക് താഴെ ആണുങ്ങളുടെ കമന്റ് പ്രളയം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് സിനിമാ സീരിയല്‍ താര താര കല്യാണ്‍. അരീക്കല്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ ഹോസ്പിറ്റലിലെ പരിപാടി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള താരയുടെ പരാമര്‍ശങ്ങള്‍.

താര കല്യാണിന്റെ വാക്കുകള്‍ ഇങ്ങനെ

‘മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോള്‍ സ്ത്രീകള്‍ക്കൊരു വിഷമം എന്ന് ഡോക്ടര്‍ പറഞ്ഞു. സത്യമാണത്. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങള്‍ കുക്ക് ചെയ്യാം, പുരുഷന്‍മാര്‍ പാത്രം കഴുകട്ടെ.. എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം ആരംഭിച്ചത്. പിന്നാലെ പരിപാടിയില്‍ പങ്കെടുത്തവര്‍ കൈയ്യടിക്കുകയും ചെയ്തു. ഈ വാക്കുകള്‍ക്ക് കൈയ്യടികള്‍ ലഭിച്ചതോടെ, ”ഈ കൈയ്യടി ഞാന്‍ വാങ്ങിക്കട്ടെ, കാരണം നമ്മള്‍ എല്ലാവരും തുല്യ ദുഃഖിതരാണ്.

ഞാന്‍ എന്റെ മകളുടെ അച്ഛന്‍ പോയതിന് ശേഷം ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തില്‍ ആസ്വദിക്കുന്നത് ഇപ്പോഴാണ്. സത്യം പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ.. പക്ഷെ ലൈഫില്‍ ഒരിക്കലും ഞാനൊരു സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതില്‍ ഏറ്റവും നല്ല ഫാമിലിയും ഭര്‍ത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധങ്ങള്‍, സാമ്പത്തികം, പല ചുമതലകള്‍ അങ്ങനെ ജീവിച്ച്, ഓടിത്തീര്‍ത്ത് ജീവിതം.

ഇപ്പോള്‍ ഒരു ആറ് വര്‍ഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോകുന്നത്. സുഖമാ ജീവിതം. ആരും കോപ്പിയടിക്കാന്‍ നിക്കണ്ട, ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, കുട്ടിയാണോ, പുരുഷനാണോ എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു ചോയിസ് ആവശ്യമാണ്. അതില്‍ നമ്മള്‍ ഏറ്റവും ഭംഗിയായി, ബുദ്ധിയോടെ എടുക്കേണ്ട കാര്യമാണ് നമ്മുടെ ഭക്ഷണക്രമം എന്നാണ് ഡോക്ടര്‍ പറഞ്ഞത്…’ താര കൂട്ടിച്ചേര്‍ത്തു.

പ്രസംഗം വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.