22
Feb 2026
Sat
22 Feb 2026 Sat

തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചി സിറ്റി വനിതാ പോലീസ് കണ്ടെത്തി.
നാഗര്‍കോവില്‍ സ്വദേശിനിയായ ഡോ. ശ്രീവിദ്യ (39)യെ വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടറെ മാതാപിതാക്കള്‍ക്ക് കൈമാറി.
ഈ മാസം ഒന്നിന് രാത്രി പത്ത് മണിയോടെ വൈറ്റില ഹബ്ബില്‍ ഇരുന്ന് കരയുന്ന നിലയില്‍ യുവതിയെ പട്രോളിംഗ് സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഇവരെ കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെത്തിച്ചു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ യുവതിക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ.
താല്‍ക്കാലിക താമസത്തിനായി കാക്കനാട്ടെ ‘സഖി’ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും, മാനസിക പ്രശ്‌നമുണ്ടെന്ന കാരണത്തില്‍ അവിടെ സ്വീകരിച്ചില്ല. തുടര്‍ന്ന് കാക്കനാട്ടെ ‘സ്‌നേഹിത’യില്‍ താല്‍ക്കാലിക അഭയം നല്‍കി.
അന്വേഷണത്തിനിടെ സൗത്ത് ജനതാ റോഡിലെ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം പോലീസ് കണ്ടെത്തി. അവിടെ നിന്ന് ഡോക്ടറുടെ ബാഗ്, ഐഫോണ്‍, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും ലഭിച്ചു. എന്നാല്‍ ഐഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം സൈബര്‍ സെല്‍ ഇടപെട്ട് ഫോണ്‍ ലോക്ക് മാറ്റി. ഫോണില്‍ സൂക്ഷിച്ചിരുന്ന നമ്പറുകളിലേക്ക് ബന്ധപ്പെട്ടപ്പോഴാണ് അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതാണെന്ന് വ്യക്തമായത്. സൈക്യാട്രിസ്റ്റായ ഇയാളും ഡോക്ടറും നിലവില്‍ പിരിഞ്ഞ് താമസിക്കുകയാണ്.
മുന്‍ ഭര്‍ത്താവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടു. തുടര്‍ന്ന്, മൂന്ന് മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായി സ്ഥിരീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>