16
Oct 2023
Wed
16 Oct 2023 Wed

സ്വന്തം മകള്‍ വിവാഹബന്ധം വേര്‍പെടുത്തി വീട്ടില്‍ മടങ്ങി വന്നു എന്നത് പലയിടത്തും സ്വീകാര്യമായ കാര്യമല്ല. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തനായി മകളെ ആഘോഷത്തോടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു അച്ഛന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. എല്ലാ മാതാപിതാക്കള്‍ക്കും ഒരു മാതൃക തന്നെയാണ് പ്രേം ഗുപ്ത എന്ന ഛാര്‍ഖണ്ഡുകാരന്‍. ഭര്‍തൃഗൃഹത്തിലെ ദുരിതങ്ങള്‍ സഹിക്കവയ്യാതായപ്പോഴാണ് മകള്‍ സാക്ഷി ഗുപ്ത വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. മകളുടെ തീരുമാനത്തെ അച്ഛന്‍ എതിര്‍ത്തില്ല എന്നു മാത്രമല്ല ബാന്റുമേളവും, ഡാന്‍സും, പാട്ടും, വെടിക്കെട്ടുമൊക്കയായി ആഘോഷമായാണ് മകളെ തിരികെ വീട്ടിലേക്ക് സ്വാഗതം ചെയ്തതും. ‘മകളെ വിവാഹം കഴിപ്പിച്ച് വിട്ടെങ്കിലും ഭര്‍ത്താവും കുടുംബവും ശരിയല്ലെന്നു തോന്നിയാല്‍, ആദരവോടെയും അഭിമാനത്തോടെയും മകളെ മടക്കിക്കൊണ്ടുവരണം. കാരണം പെണ്‍മക്കള്‍ അമൂല്യമാണ്’ – ഇങ്ങനെ കുറിച്ചുകൊണ്ടാണ് മകളെ വരവേല്‍ക്കുന്ന വിഡിയോ പ്രേം ഗുപ്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022ലാണ് സാക്ഷിയുടെ വിവാഹം നടന്നത്. അധികം വൈകാതെ തന്നെ ഭര്‍ത്താവ് ഉപദ്രവിക്കാന്‍ തുടങ്ങി. പലപ്പോഴും ഉപദ്രവത്തിനു ശേഷം വീടിനു പുറത്താക്കാനും തുടങ്ങി. ഒരു വര്‍ഷം പിന്നിട്ടപ്പോഴാണ് രണ്ടു തവണ വിവാഹിതനായ വ്യക്തിയാണ് തന്റെ ഭര്‍ത്താവ് എന്ന വിവരം സാക്ഷി അറിയുന്നത്. എന്നിരുന്നാല്‍ കൂടി, എല്ലാം സഹിക്കാന്‍ ശ്രമിച്ചു. അതിനു ശേഷമാണ് എല്ലാം അവസാനിപ്പിച്ച് ബന്ധത്തില്‍നിന്നു പുറത്തുകടക്കാന്‍ സാക്ഷി തീരുമാനിച്ചത്. സന്തോഷത്തോടെയാണ് അച്ഛന്‍ മകളെയും അവളുടെ തീരുമാനത്തെയും സ്വീകരിച്ചത്.

മകളോട് എല്ലാം സഹിക്കാന്‍ പറയുകയും ഒടുവില്‍ ജീവന്‍ നഷ്ടപ്പെട്ടതിനു ശേഷം മാത്രം തിരിച്ചറിവുണ്ടാവുകയും ചെയ്യുന്ന പല കുടുംബങ്ങളുമുണ്ട്. അതില്‍നിന്നു വ്യത്യസ്തനായതില്‍ അഭിനന്ദിക്കുകയാണ് സോഷ്യല്‍മീഡിയ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക