17
Jul 2024
Tue
17 Jul 2024 Tue
DONALD TRUMP AND JD VANCE

മില്‍വോക്കി: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.(The Republican Party announced Trump as the US presidential candidate; JD Vance Vice President)  പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. ഒഹായോയില്‍നിന്നുള്ള സെനറ്റര്‍ ജെ.ഡി.വാന്‍സ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്‌ളോറിഡ സെനറ്റര്‍ മാര്‍ക്കോ റൂബിയോ, നോര്‍ത്ത് ഡക്കോട്ട ഗവര്‍ണര്‍ ഡഗ് ബേര്‍ഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊന്‍പതുകാരനായ വാന്‍നു നറുക്കു വീണത്. നേരത്തേ ട്രംപിന്റെ കടുത്ത വിമര്‍ശകനായിരുന്ന വാന്‍സ് ഇപ്പോള്‍ ട്രംപ് ക്യാംപിലെ മുന്‍നിരക്കാരനാണ്. യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയായ ഇന്ത്യന്‍ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.

ഒഹായോയിലെ മിഡില്‍ടൗണില്‍ ദരിദ്രകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന വാന്‍സ് യുഎസ് സൈനികനായി ഇറാഖില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

താര പരിവേഷത്തില്‍ ട്രംപ്

അതേസമയം, പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ ഡോണള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തിനു പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ശ്രമം തുടങ്ങി. മുന്‍ പ്രസിഡന്റിനെ വെടിവച്ച തോമസ് മാത്യു ക്രൂക്‌സിനെ (20) അതിനു പ്രേരിപ്പിച്ചതെന്താണെന്നത് ഇപ്പോഴും അവ്യക്തം. അക്രമി ഒറ്റയ്ക്കാണ് എത്തിയതെന്നും കൂട്ടാളികളില്ലെന്നും എഫ്ബിഐ അറിയിച്ചു. ആഭ്യന്തര ഭീകരപ്രവര്‍ത്തനമെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഏറ്റുമുട്ടലില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ വധിച്ച അക്രമി നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്നു. ഇയാളുടെ പിതാവ് റിപ്പബ്ലിക്കന്‍ അനുഭാവിയും അമ്മ ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അടുപ്പമുള്ള വ്യക്തിയുമാണെന്നുമാണ് വോട്ടര്‍ റജിസ്റ്റര്‍ പ്രകാരമുള്ള വിവരം. കൂടെ പഠിച്ചവര്‍ക്കും അയല്‍വാസികള്‍ക്കും തോമസിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു.

മരണത്തെ മുഖാമുഖം കണ്ട ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണ രീതികളില്‍ അടിമുടി മാറ്റം ദൃശ്യമായിട്ടുണ്ട്. ഇന്നലെ വിസ്‌കോന്‍സെനിലെ മില്‍വോക്കിയില്‍ ആരംഭിച്ച 4 ദിവസത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വന്‍ഷനിലേക്കായി നേരത്തേ തയാറാക്കിയ തീപ്പൊരി പ്രസംഗം മാറ്റിയെഴുതിയതുള്‍പ്പെടെ, സംയമനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകനെന്ന നിലയിലുള്ള പ്രചാരണവഴിയിലേക്കാണ് ട്രംപ് തിരിഞ്ഞിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്റെ വീഴ്ചകള്‍ എണ്ണിപ്പറയുന്ന ഉശിരന്‍ പ്രസംഗം അപ്പാടെ മാറ്റിയെഴുതി. വെടിയുണ്ടയില്‍നിന്നു തലവെട്ടിച്ച ഇതിഹാസമായി, ട്രംപിന് പാര്‍ട്ടിയിലും അമേരിക്കന്‍ സമൂഹത്തില്‍ പൊതുവെയും പുതിയൊരു പരിവേഷം കൈവന്നിട്ടുണ്ട്.