കര്‍ണാടക മംഗളുരുവിലെ കുടുപ്പുവില്‍ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ താമസിക്കുന്ന കോട്ടക്കല്‍ സ്വദേശിയായ അഷ്റഫി(36)നെ ഇരുപ്പത്തഞ്ചോളം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മംഗളുരു റൂറല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ കെ ആര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര പി, കോണ്‍സ്റ്റബിള്‍ യല്ലലിംഗ എന്നിവരെയാണ് കൃത്യവിലോപത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്.
|
അജ്ഞാതനായ യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതായി ദീപക് എന്ന യുവാവ് പോലീസിനെ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ഈ വിവരമറിഞ്ഞിട്ടും പോലീസ് ഇടപെടുകയോ വിവരം മേലുദ്യോഗസ്ഥര്‍ക്ക് കൈമറാനോ തയ്യാറായിരുന്നില്ലെന്നും തുടര്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് മൂവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഭദ്ര കല്ലുര്‍ട്ടി ക്ഷേത്രത്തിനു സമീപം ക്രിക്കറ്റ് കളി കാണുന്നതിനിടെ അഷ്‌റഫിനെ ഒരു സംഘം തല്ലിക്കൊന്നത്.
വര്‍ഷങ്ങളായി പല സ്ഥലങ്ങളിലും ചെന്ന് ആക്രി ശേഖരിക്കുന്ന ജോലിയാണ് അഷ്റഫിന്. പറപ്പൂരിലെ വീട് ബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജപ്തി ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കുടുംബം വയനാട്ടിലാണ് താമസം.
കളിക്കുന്ന സ്ഥലത്തിന് സമീപം വച്ചിരുന്ന ഒരു കപ്പ് വെള്ളം കുടിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ സച്ചിന്‍ ടി എന്നയാളാണ് അക്രമത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബിജെപി കോര്‍പറേഷന്‍ അംഗം സംഗീത നായകിന്റെ ഭര്‍ത്താവ് രവീന്ദ്ര നായകിന്റെ നേതൃത്വത്തില്‍ ഒരു സംഘം അഷ്റഫിനെ ക്രിക്കറ്റ് ബാറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സാമ്രാട്ട് ഗൈസ് എന്ന പേരില്‍ അറിപ്പെടുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ അക്രമം തുടരുകയായിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് സാമ്രാട്ട് ഗൈസ്. ഹിന്ദു മൈതാന്‍ അല്ലെങ്കില്‍ സമ്രാട്ട് മൈതാന്‍ എന്നറിയപ്പെടുന്ന ഈ ഗ്രൗണ്ടില്‍ പൊതുവേ മുസ് ലിംകളാരും കളികാണാന്‍ പോകാറില്ലെന്ന് സിപിഐഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കാട്ടിപ്പള്ള വ്യക്തമാക്കിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 20 പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





