മംഗലാപൂരത്ത് സംഘപരിവാര ഗുണ്ടകള്‍ തല്ലിക്കൊന്ന അഷ്‌റഫി(36)ന്റെ മൃതദേഹം മലപ്പുറം ചോലക്കുണ്ട് മസ്ജിദിലെ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. (Mangaluru lynching: Hindutva men killed mentally unwell Kerala Muslim man for drinking water)ഖബറടക്കല്‍ ചടങ്ങില്‍, ഒരു നിരപരാധിയെ തല്ലിക്കൊന്നതിന്റെ രോഷവും സങ്കടവും അണപൊട്ടി. അഷ്‌റഫിന് നീതി ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
|
നിലവില്‍ വയനാട്ടിലെ പുല്‍പ്പള്ളിയില്‍ താമസിക്കുന്ന കോട്ടക്കല്‍ സ്വദേശിയായ അഷ്‌റഫിനെ ഞായറാഴ്ച്ചയാണ് മംഗളൂരു കുടുപ്പു ഭദ്ര കല്ലുര്‍ട്ടി ക്ഷേത്രത്തിനു സമീപം ക്രിക്കറ്റ് കളി കാണുന്നതിനിടെ ഒരു സംഘം തല്ലിക്കൊന്നത്.
വര്‍ഷങ്ങളായി പല സ്ഥലങ്ങളിലും ചെന്ന് ആക്രി ശേഖരിക്കുന്ന ജോലിയാണ് അഷ്‌റഫിന്. പറപ്പൂരിലെ വീട് ബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജപ്തി ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കുടുംബം വയനാട്ടിലാണ് താമസം.
കളിക്കുന്ന സ്ഥലത്തിന് സമീപം വച്ചിരുന്ന ഒരു കപ്പ് വെള്ളം കുടിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ സച്ചിന്‍ ടി എന്നയാളാണ് അക്രമത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബിജെപി കോര്‍പറേഷന്‍ അംഗം സംഗീത നായകിന്റെ ഭര്‍ത്താവ് രവീന്ദ്ര നായകിന്റെ നേതൃത്വത്തില്‍ ഒരു സംഘം അഷ്‌റഫിനെ ക്രിക്കറ്റ് ബാറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
കണ്ടുനിന്നവര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സാമ്രാട്ട് ഗൈസ് എന്ന പേരില്‍ അറിപ്പെടുന്ന ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ അക്രമം തുടരുകയായിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണ് സാമ്രാട്ട് ഗൈസ്. ഹിന്ദു മൈതാന്‍ അല്ലെങ്കില്‍ സമ്രാട്ട് മൈതാന്‍ എന്നറിയപ്പെടുന്ന ഈ ഗ്രൗണ്ടില്‍ പൊതുവേ മുസ്ലിംകളാരും കളികാണാന്‍ പോകാറില്ലെന്ന് പറയപ്പെടുന്നു.
അഷ്‌റഫ് മരിച്ചെന്ന് കരുതി പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. പിന്നീട് ക്ഷേത്രത്തിന് സമീപമാണ് അദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്തരിക രക്തസ്രാവവും തലയക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ഷോക്കുമാണ് അഷ്റഫിന്റെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. കൈകാലുകള്‍, പുറകു വശം, ലൈംഗികാവയവങ്ങള്‍ എന്നിവിടങ്ങളില്‍ മരത്തടികൊണ്ടും മറ്റും മര്‍ദ്ദിച്ചിന്റെ ആഴത്തിലുള്ള മുറിവുകളുണ്ട്.

”അവന്‍ ആരുടെ കാര്യത്തിലും ഇടപെടാറില്ല. ജോലിയില്‍ മാത്രം ശ്രദ്ധിക്കുന്നവനാണ്. ബിസിനസിന്റെ കാര്യത്തില്‍ പോലും മറ്റുള്ളവരുമായി വളരെ കുറച്ച് മാത്രം സംസാരിക്കുന്ന പ്രകൃതമാണ്. അവനെക്കുറിച്ച് ഇതുവരെ ആര്‍ക്കും മോശമായി ഒന്നും പറയാനില്ല”- അഷ്‌റഫിന്റെ പിതാവ് മുച്ചിക്കാടന്‍ കുഞ്ഞീതു കുട്ടി പറഞ്ഞു.
സംഘപരിവാരം അവരുടെ തന്ത്രങ്ങള്‍ പരീക്ഷിക്കുന്ന ഒരു സ്ഥലമാണ് മംഗലാപുരമെന്ന് ഖബറടക്കല്‍ ചടങ്ങിനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീര്‍ ഷാ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ട്. വൈകാരിക ആവേശത്തിലുണ്ടായ സംഭവം എന്ന രീതിയില്‍ ലളിതവല്‍ക്കരിക്കുന്നതിന് പകരം സംഘപരിവാര സംഘടനകളായ ബജ്‌റംഗ്ദളിനും ആര്‍എസ്എസിനുമെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഷ്‌റഫിന്റെ കൊലപാതകത്തിന് പിന്നാലെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്ന് സംഘപരിവാര പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചിരുന്നു. തുടക്കത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഈ അവകാശവാദം ഏറ്റെടുത്തെങ്കിലും പിന്നീട് അദ്ദേഹം തിരുത്തി. അത് തന്റെ പ്രസ്താവന അല്ലെന്നും അക്രമികള്‍ പോലീസിനോട് പറഞ്ഞ കാര്യം താന്‍ പറഞ്ഞതാണെന്നുമായിരുന്നു മന്ത്രി വ്യക്തമാക്കിയത്. പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചു എന്ന ആരോപണവും പോലീസും നിഷേധിച്ചു.
കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മന്ത്രിയുടെ പ്രസ്താവനയെ ചോദ്യം ചെയ്തു. വര്‍ഗീയ സംഘര്‍ഷത്തിന് അംഗീകാരം നല്‍കുന്നതാണ് പ്രസ്താവനയെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

അഷ്‌റഫിന്റെ കൊലപാതകത്തിന് പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിനും നീതി ലഭ്യമാക്കുന്നതിനും നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായവും ഉറപ്പാക്കും. രാഷ്ട്രീയ സമ്മര്‍ദ്ദവും നിയമപോരാട്ടവും ജനകീയ പ്രതിഷേധവും കമ്മിറ്റി ഏറ്റെടുക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഹബീബ് ജഹാന്‍ പറഞ്ഞു.


